പിന്നെയും.

മഴ കുളിപ്പിച്ചുപോയ
കറുപ്പിന്റെ നിരത്തിൽ
വെയിൽ തണലിൽ
കാറ്റൊഴുക്കുന്നൊരീ നദി മുഴുവൻ
നീ മാത്രമെന്ന്
കാല്പനികത എഴുതിവെക്കുന്നു;
പിന്നെയും.

എത്ര കരഞ്ഞു തീർത്താലും
തീരുന്നേയില്ല
കാല്പനികതയുടെ കാമമെന്ന്
കീറിക്കളയുന്നു;
പിന്നെയും.

പ്രണയത്തിൽ പെട്ടുപോയവന്റെ വാക്ക്
ഏത് കാലത്തിലെഴുതണമെന്ന
നിന്റെ മറുപടിവരെ
ഇനി വെയിലേ നനയില്ലെന്ന്
വണ്ടിയോടിച്ച് പോവുന്നു;
പിന്നെയും

ചേമ്പില

ഇപ്പോള്‍ പെയ്തുകളയുമെന്ന്
ഇടക്കിടെ വന്ന്
ഭീഷണിപ്പെടുത്തി പോവുന്ന
മേഘങ്ങളെ പോലെ,

ഓര്‍മകളുടെ
പോത്തിന്‍ പറ്റങ്ങളില്‍
വെളിച്ചത്തിന്‍റെ
ഒളിച്ചുകളി;

കാറ്റിനോട് വിറയ്ക്കുമെങ്കിലും
ഒരു മഴക്കും
നനക്കാനാവാത്തത്ര
മിനുസപ്പെട്ടു പോയിട്ടുണ്ട്
ജീവിതമെന്ന്
അറിഞ്ഞുകാണില്ല,
പാവം!

പേടി

മരണത്തെയല്ല,
ചില ജീവിതങ്ങളോട് മാത്രം
അതു കാണിക്കുന്ന
ഒട്ടും നിഷ്പക്ഷമല്ലാത്ത
ആര്‍ത്തിയോടാണ്‍,
ചിലതിനോടു മാത്രമുള്ള
അവഗണനയോടും.

(വീണ്ടും) ചില തൂറ്റല്‍ വ്യഥകള്‍

മാന്യ പിതാശ്രീ,

ഇവിടെത്തേതു പോലെ തന്നെ അവിടേയും എല്ലാവര്‍ക്കും (പരമ) സുഖമാണെന്ന് വിശ്വസിക്കുന്നു,

ഇന്നലെ ടീവി കണ്ടിട്ടുണ്ടാവും എന്ന വിശ്വാസത്തില്‍, അധികം മുഖവരയില്ലാതെ പറയുകയാണ്‍,

400ല്‍ അധികം പഴക്കമുണ്ടെന്ന് പറയുന്ന നമ്മുടെ കക്കൂസ് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ അടിയാധാരം ഒന്ന് നോക്കിയേക്കണേ, പണ്ടത്ത കാലത്ത് ഏതെങ്കിലും പുരാതന കക്കുസ് നിന്നിടത്തോ, നില നിന്നിരിക്കാന്‍ സാധ്യതയുള്ളിടത്തോ നിലനിന്നിരുന്നു എന്ന് ആരെങ്കിലും പറയുന്ന സ്ഥലത്താണോ നമ്മുടെ കക്കൂസ് എന്ന് നോക്കിയേക്കണേ,

ആണെങ്കില്‍, ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ,

1). നമ്മുടെ കക്കുസ്, കക്കുസ് നിര്‍മ്മാണ നിയമങ്ങള്‍ അനുസരിച്ച് നിര്‍മിച്ചതാണോ എന്നും അതു പ്രകാരം അത് ഒരു കക്കുസായി പരിഗണിക്കാമോ എന്നും. അല്ലെങ്കില്‍ നമ്മുടെ കാര്യം പോക്കാണുപ്പാ, നമുക്കു തൂറാന്‍ മൂന്നിലെന്നായി കിട്ടുന്ന സ്ഥലം തികയാതെ വരികയാണെങ്കില്‍ നമ്മളെന്ത് ചെയ്യും, നമ്മെലെവിടെ തൂറും? തൂറലാണ്‍ നമ്മുടെ അടിസ്ഥാന പ്രശ്നമെന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ

2) നമ്മുടെ പഴയ കക്കൂസ് നിലനിന്നിരുന്ന സ്ഥലത്ത് ഏതെങ്കിലും പഴയ കക്കുസിന്റെ മണം (ചൈതന്യം) നിലനില്‍ക്കുന്നുണ്ടോ എന്നും ഇപ്പോഴും നമ്മളല്ലാതെ ആരെങ്കിലും അവിടെ തൂറുന്നുണ്ടോ എന്നും.

3) കാലങ്ങളായി നമ്മള്‍ കക്കൂസായി വിശ്വസിച്ച് തൂറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, വിശാലമായി തൂറാന്‍ വേണ്ടി നമ്മുടെ ഉപ്പൂപ്പമാര്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് തെളിയിക്കാന്‍ (തീട്ടമല്ലാത്ത) എന്തെങ്കിലും തെളിവ് നമുക്ക് ഹാജരാക്കാന്‍ കഴിയുമോ?, കൃത്യമായി എന്നാണവിടെ തൂറാന്‍ തുടങ്ങിയത് എന്ന് തെളിയിക്കാന്‍ കഴിയുമോ

4) നമ്മുടെ കക്കൂസിന്റെ പഴയ ക്ലൊസറ്റ് നിലനിന്നിരുന്ന സ്ഥലം, കുറച്ച് കാലങ്ങളായി നമ്മുടെ അയല്‍ക്കാരാണ് തൂറിക്കൊണ്ടിരിക്കുന്നത് എന്നതിനാല്‍, തുടര്‍ന്നും അവരെ അവിടെ തൂറുന്നതില്‍ നിന്നും തടസ്സപ്പെടുത്തരുത്.

5) നമ്മുക്കും തന്നെ, ഈ സ്ഥലത്തും ഈ കക്കുസിലും തന്നെ തൂറിയാലല്ലാതെ തീട്ടം പോകുകയില്ലാ എന്നാതിനാല്‍, ഇനിയൊരു തീരുമാനമുണ്ടാവുന്നത് വരെ തൂറാതിരിക്കുകയല്ലാതെ വേറെ വഴിയൊന്നും കാണുന്നില്ല.

6) എന്തായാലും കക്കുസ് സ്ഥലം വിഭജിക്കുമ്പോള് തൂറാന്‍ സ്ഥലം മതിയാകാതെ വരികയാണെങ്കില്‍, കക്കുസിനടുത്തു തന്നെ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തു നിന്ന് ആവശ്യത്തിന്‍ സ്ഥലം നലകണമെന്ന് തീരുമാനമായതിനാല്‍ തൂ‍റല് വിശാലമായി തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം.

7) കക്കുസ് വിഭജനത്തിന്‍ ശേഷം അതിരുകല്‍ കൃത്യമായി മതിലു കെട്ടി വേര്‍തിരിക്കാനും തൂറുന്നത് പരസ്പരം കാണാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.


അവസാനമായി, തൂറാന്‍ മുട്ടുമ്പോള്‍ മാത്രമാണ്‍ നമ്മളൊക്കെ കക്കുസ് തിരയുന്നത് എന്നതിനാല്‍, ഇനിയെങ്കിലും തൂറുമ്പോള്‍ നിയമപരമായ എല്ലാ മുര്‍കരുതലുകളും എടുത്തതിനു ശേഷം മാത്രം തൂറാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ.Edit

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘
ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഉരുളുന്നത്

5.45AM, കട്ടില്‍.
പിന്‍‌ കഴുത്തില്‍
വെയിലും വിയര്‍‌പ്പും കറുപ്പിച്ചിടത്ത്
നിന്റെ ചുണ്ടിന്റെ നനവ്

ഏത് സ്വപ്നത്തില്‍‌ നിന്നാണെങ്കിലും
ഇത്ര മൃദുലമായി
നീയുണര്‍‌ത്തുമ്പോള്‍
കോപിക്കുന്നതെങ്ങിനെ?


6.10AM, മുറ്റം.
വെയിലിനേക്കാള്‍ മുന്നേ ജനിച്ചത്
ഞാനായിരിക്കണം,
എന്റെ നിഴലിന്
വെയിലിനേക്കാള്‍ നീളം, കറുപ്പ്.

8.30AM, നിരത്ത്.
പ്രണയം
ഏറു കൊണ്ടോടുന്ന പൂച്ച,
എത്ര തവണ തിരിഞ്ഞു നോക്കണമതിന്
നിഷേധങ്ങളോട്‌ പോലും.

5.15PM, നിരത്ത്.
കുഴിയാ‍നകളേ,
നിങ്ങളുടെ അടുത്ത ജന്മം
ഞങ്ങള്‍‌ക്ക് തരണേ,
മുന്നോട്ടു തന്നെ ഓടിയോടി
കാലുകള്‍‌ക്കും
ബോറടിക്കുന്നുണ്ടാവും,
അനുസരിക്കുന്നില്ല
പഴയത് പോലെ.

6.30PM മണ്‍പാത.
പുഴയേക്കാള്‍
മടിയോടൊഴുകാറുള്ള കാറ്റേ,
ഉണര്‍ന്നില്ലേ ഇതുവരെ,
കാണുന്നില്ല.

8.40PM ഊണ്‍ മേശ.
എത്ര തിന്നാലും നിറയില്ല
കുറ്റബോധത്തിന്റെ
പെരും പള്ള,
പിന്നെയും പിന്നെയും
നീയെന്തിനിങ്ങനെ,
ഞാനെന്തിനിങ്ങനെ!

10.20PM, ഉറക്കം
ഉണരാന്‍ വേണ്ടി മാത്രമുള്ള
സര്‍‌ക്കസ്സാണെങ്കില്‍
എന്തിനെന്നാവും,
അവസാനിച്ചാലും അവസാനിക്കാത്ത
ആവര്‍‌ത്തനങ്ങളേ,
കാത്തോളണേ....

ശങ്ക

കവിത എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്
കാക്ക തൂറിയത്

കവിത കീറി
കാഷ്‌ഠം തുടക്കണോ
അതോ
കാക്കയെ എറിയണോ?

ഒരുളുപ്പുമില്ലാത്ത സംശയങ്ങള്‍

മടിയന്മാര്‍
ചുമന്നു കൊണ്ടുപോയിരിക്കാവുന്ന
മലകളുടെ എണ്ണത്തെക്കുറിച്ച്
ഓര്‍ക്കുകയായിരുന്നു,

മലകളെ കുറിച്ച് ഓര്‍‌ക്കുമ്പോഴൊക്കെ
അച്ചുമാമന്‍
രാഷ്ട്രീയമായും നിയമപരമായും
എന്ന് പറഞ്ഞതിനേക്കാള്‍ സ്വാഭാവികമായി
മുലകളെ ഓര്‍മ്മ വരും

ഞാനാകെ നേരിട്ട് കണ്ടിട്ടുള്ളത്
നിന്റെ മുലകള്‍‌ മാത്രമാണ്
ശരിയാണ്
ആഗ്രമില്ലാഞ്ഞിട്ടല്ലായിരുന്നു
കാണിച്ചുതരേണ്ടവര്‍‌ക്ക്
ആഗ്രഹമില്ലാഞ്ഞിട്ടാവും
അല്ലെങ്കില്‍
ആഗ്രഹിക്കുന്നുണ്ടെന്ന്
അവര്‍ക്ക് അറിയാഞ്ഞിട്ടുമാവാം,

മുലകളെ ഓര്‍ക്കുമ്പോഴാണ്
മുലകള്‍ക്കിടയില്‍
നീയൊളിപ്പിച്ച് വെക്കാറുള്ള
മാല ഓര്‍മ്മവന്നത്
പുറത്ത് വരുമ്പോഴൊക്കെ
ഒരു കൊച്ചുകുട്ടിയുടെ വാശിയോടെ
നീയതിനെ
മുലകള്‍ക്കിടയില്‍ തന്നെ
തിരിച്ച് വെക്കുന്നു,

മാലയെ ഓര്‍ക്കുമ്പോഴാണ്
വല്ലപ്പോഴും മാത്രം
നീയതൂരുമ്പോള്‍ വെക്കാറുള്ള
അലമാരയുടെ
മൂലയെക്കുറിച്ചോര്‍‌ത്തത്
ആ മൂലയില്‍‌
നീയൊട്ടിച്ച് വെച്ച പടത്തിലാണ്
നമ്മളൊരുമിച്ച്
ആദ്യമായി ചിരിച്ചത്,

മല, മുല
മാല, മൂല
ഒരുളുപ്പുമില്ലാതെ
വാ‍ക്കുകളെയിങ്ങനെ
വഴിതെറ്റിച്ച് വിടുന്നതുകൊണ്ട് കൂടിയാണോ
നീയുമെന്നെ
കവീ എന്ന് കളിയാക്കുന്നത്?

അവ്യക്തമാണ് വെടിയൊച്ചകള്‍

അപ്പുറത്തും
ഇപ്പുറത്തുമായി പോയവര്‍‌ക്കിടയിലെ
മഞ്ഞുപോലെ മരവിച്ച് പോയ
ഭീതികള്‍ക്കാവുമോ
നമ്മള്‍
അതിര്‍ത്തികളെന്ന് വിളിക്കുന്നത്?

ആരും ചിരിക്കാത്ത ആകാശങ്ങളേ
എല്ലാത്തിനും മുമ്പേ തന്നെ
എന്നേകൂടി കൊടുക്കുക
ചുവപ്പ് മതിവരാത്ത
നിന്റെ ദൈവങ്ങള്‍‌ക്ക്!

ഒരു വിശദീകരണം

എന്റെ നോട്ടത്തില്‍

എന്തോ‍ പിശകുണ്ടെന്നാണ്

ഈയിടെയായി ഞാന്‍ നോക്കുന്ന

എല്ലാ പെണ്ണുങ്ങളും പറയുന്നത്


ഞാന്‍‌ കണ്ണട വെച്ചത് പോലും

അതുകൊണ്ടാണോയെന്ന്

ചിലപ്പോഴൊക്കെ എനിക്കും

തോന്നുകവരെ ചെയ്യുന്നു


പക്ഷേ പെണ്ണുങ്ങളേ,

മീശ വെക്കുകയും

മുണ്ട് മടക്കിയെടുക്കുകയും

മുഖത്തടിച്ച്

ഉത്തമ ഭാര്യയാക്കുകയും

ചെയ്യുന്നത് പോലെ


നോട്ടത്തിലെ ഈ പിശകും

ഞങ്ങള്‍ ആണുങ്ങളുടെ

വര്‍ഗ ലക്ഷണമാണെന്ന്

നിങ്ങള്‍‌ക്കും

അറിയാവുന്നതാണല്ലോ


എന്നാല്‍

എത്ര ശ്രമിച്ചിട്ടും മീശ വരാത്തതിനാലും

എപ്പോഴും അഴിഞ്ഞ് പോവുന്നതിനാല്‍‌

മുണ്ടെടുക്കാനാവത്തതിനാലും

അവിവാഹിതനാ‍യത് കൊണ്ട്

മുഖത്തടിച്ച് ഉത്തമയാക്കാന്‍

ഒരു ഭാര്യപോലുമില്ലാത്തതിനാലും


ആണായിരിക്കാ‍ന്‍

മലയാളിയായ എനിക്ക്

ആകെയുള്ളത്

നോട്ടത്തിലെ ഈ പിശക് മാത്രമാണ്


ആകെയാല്‍

നിങ്ങള്‍ സ്ത്രീ ജനങ്ങള്‍

എന്റെ നോട്ടത്തിലെ

ഈ വെറുമൊരു പിശകിനെ

അനാവശ്യമായി നിര്‍വചിച്ച്

കാ‍ടുകയറ്റരുതേയെന്ന്

ഇതിനാന്‍ അപേക്ഷിച്ച് കൊള്ളുന്നു.