വികസിച്ചര്‍ക്ക് പറയാനുള്ളത്

ഞ‌ങ്ങള്‍ ആദിവാസികള്‍,
നിങ്ങളുടെ സദാചാര നിഘണ്ടുവിലെ
ഏറ്റവുമാദ്യത്തെ തെറി,

തുരുന്‌‍പു പിടിച്ച നിങ്ങളുടെ നിയമങ്ങള്‍ക്
കൈ വിറക്കാതെ ഉന്നം നൊക്കാന്‍
പിടയ്കുന്ന പരീക്ഷണ വസ്തു,

ഒഴിവുനേരങ്ങളിലെ
വര്‍ഗ്ഗവിപ്ലവ ചൊറിക്ക്
അനുയൊജ്യമായ അടിക്കുറിപ്പ്.

നിങ്ങള്‍ക് പ്രബന്ധമെഴുതാന്‍
ഞങ്ങളച്ചനില്ലാതെ പെറ്റത്
നിങ്ങളുടെ ചൊരയിലാണ്,

ഞങ്ങളുടെ പെങ്ങന്മാര്‍
അടുപ്പിലടക്കപ്പെട്ടത്
നിങ്ങളുടെ കൈകൊണ്ടാണ്,

ഞങ്ങളുടെ പെണ്ണുങ്ങള്‍,
തൂങ്ങാന്‍ പടിച്ചത്
നിങ്ങള്‍ വന്നതിന് ശേഷമാണ്,

ഞങ്ങളുടെ മണ്ണ് ചത്തത്
നിങ്ങളുടെ ലഹരിയിലാണ്,
ഞങ്ങളുടെ മരങ്ങള്‍ വീണത്
നിങ്ങളുടെ വികസനത്തിലാണ്,


വേണ്ട,
സഹതാപത്തിന്റെ കട്ടിച്ചില്ല്‌ വെച്ച്
ഞങ്ങളെയിനിയും നൊക്കണ്ട,
വികസനങ്ങളുടെ
കൊണ്‍ക്രീറ്റ് തണല്‍
ഞങ്ങള്‍ക്കിനി വേണ്ട;

ഞങ്ങള്‍ക് ചാവാന്‍
നിങ്ങള്‍ തന്ന പട്ടിണിയുണ്ട്,
കുഴിമാടങ്ങള്‍ക്
തീകാണാത്ത അടുപ്പും.