മൂന്ന് നുണക്കവിതകള്‍

ജാമ്യം

സമയത്തിനോട്‌
നിഴലുകള്‍ക്കെന്നെ പോലെ
വാക്കുകളോട്‌
പേനകള്‍ക്ക്‌ പോലും കാണും
മുന്‍വിധികള്‍,

അല്ലെങ്കിലെന്തിനാണ്‌
എങ്ങിനെ എഴുതിയാലും
എന്റെ കവിതകളൊക്കെയും
എന്നെക്കുറിച്ചു തന്നെയുള്ള
നുണകളാവുന്നത്‌?

സത്യം

എല്ലാ നുണകളും
സത്യത്തേയും സ്വര്‍ഗത്തേയും കുറിച്ചാണെന്നാണ്‌
പുസ്തകങ്ങളിലെ ദൈവങ്ങള്‍ പറഞ്ഞത്,

അങ്ങിനെയെങ്കില്‍‌
‍സത്യമാവാന്‍ വിസമ്മതിച്ച
നുണകള്‍ക്ക്‌ വേണ്ടിയാണോ
നരകമുണ്ടായതെന്ന്
ആരും ചോദിച്ചില്ല,
ഞാനും!

ദൂരം

ദൂരം
പകലിനൊപ്പം ചുവക്കുന്ന
മുള്ളുള്ള നുണയാണ്‌,
ചില്ലിലൂടെ വന്ന് കണ്ണില്‍ കുത്തും,

എന്നാലോ
ഒരുറക്കത്തിന്റെ മാത്രം സുതാര്യതയില്‍
നിന്നിലേക്കെന്നെയും
എന്നിലേക്ക്‌ നിന്നെയും
എത്ര വേഗത്തിലാണത്‌
തന്ന് പോവുന്നത്‌.