കുട്ടിക്കാലത്തേ
കൂറകളെ പേടിയായിരുന്നെനിക്ക്;
മഴക്കാലങ്ങളില്‍
കുളിമുറിയുടെ ചുമരിലെ
കൂറകളെ പേടിച്ച്
കുളിക്കാറേയില്ലായിരിന്നു
ഞാന്‍;
നെല്ലൊഴിഞ്ഞ
പത്തായത്തില്‍ നിന്ന്
കൂറകളെപ്പിടിച്ച്
മേലേക്കെറിഞ്ഞ്
എപ്പൊഴുമെന്നെ പേടിപ്പിക്കുമായിരുന്നു
അനിയന്‍;
ഞാന്‍
ശാസ്‌ത്രത്തിന് പകരം
ഇഗ്ലീഷ് സാഹിത്യം പഠിച്ചത് പോലും
കൂറയെ പേടിച്ചാണെന്ന്
കണ്ടുപിടിച്ചു കളഞ്ഞു
കാമുകി;
ഇപ്പോഴും
വയസ്സന്‍ അലമാരയിലെ
ഉപയോഗിക്കാത്ത തുണികള്‍ക്കിടയില്‍ നിന്നോ
വീണ്ടും വായിക്കാനെടുക്കുന്ന
പുസ്തങ്ങള്‍ക്കിടയില്‍ നിന്നോ
ചാടിവീണ്
എന്നെ പേടിപ്പിക്കുന്നു
കൂറകള്‍!.
ആരാണ്
എല്ലാം മായ്‌ക്കുന്ന
മഷിത്തണ്ടാണ്
കാലമെന്ന്
ആയുസ്സിന്റെ നുണപറയുന്നത്?