വായനക്കാരീ....

തെറ്റായി എഴുതപ്പെട്ടതിനാലോ
ശരിയായിരുന്നിട്ടും
ഘടനയുടെ വക്രതയാല്‍‌
അവ്യക്തമാക്കപ്പെട്ടതിനാലോ
നിരന്തരം തെറ്റിവായിക്കപ്പെട്ട
കവിതയാണ് ഞാന്‍‌,

എന്നെതന്നെ ആവര്‍‌ത്തിച്ചു വായിച്ച്
എന്റെ തെറ്റുകളെ തന്നെ
പിന്നെയും പിന്നെയും തിരുത്തി
നിനക്കും മടുക്കുന്നുണ്ടാവും,

ആകയാല്‍
പ്രിയ വായനക്കാരീ,

നിന്നുതിരിയാന്‍‌ സമയമുള്ള
ഏതെങ്കിലുമൊരു വൈകുന്നേരത്ത്
അടുക്കളയിലോ
എച്ചില്‍‌മാത്രം ബാക്കിയാവുന്ന
തീന്‍‌മേശപ്പുറത്തോ വെച്ച്
ഒരിക്കല്‍‌കൂടി തിരുത്തി നോക്കാതെ
എന്നെയങ്ങ് വെട്ടിക്കളഞ്ഞേക്കുക,

പക്ഷേ,
വെണ്ണീറും സോപ്പും പുളിക്കുന്ന
ഇടത്തേ കൈകൊണ്ട് മാത്രം
നീയെന്നെ വെട്ടിക്കളയുക;

എന്തെന്നാല്‍,
ആരുംകാണാതെ ചത്ത് പോകുന്ന
എന്റെ മുഴുവന്‍‌ വാക്കുകള്‍‌ക്കും
ഏറ്റവും കടപ്പാടുണ്ടാവുക
നനവു മാറിയിട്ടേയില്ലാത്ത
നിന്റെയാ കയ്യിനോട് തന്നെയാവും!