ബെയ്‌ബ്

ബെയ്‌ബെപ്പോഴും
പ്രകൃതിയെ വരച്ചുകൊണ്ടിരിക്കും

രണ്ട് കുന്നുകള്‍‌ക്കിടയിലൂടെ
കടും മഞ്ഞ നിറത്തിലോ
ചുവപ്പിലോ
സൂര്യന്‍‌ ചിരിച്ച് കൊണ്ട് നി‌ല്‍‌ക്കും,

ആകാശം
സുന്ദരന്‍ നീല നിറത്തില്‍‌
നിരനിരയായി
കിളികളെ പറത്തിക്കൊണ്ടിരിക്കും,

കുന്നുകള്‍‌ക്കു താഴെ
എവിടേക്ക് ഒഴുകണമെന്നറിയാത്ത പുഴ
ആകാശത്തിന്റെ നിഴലില്‍
നീലനിറഞ്ഞ് നില്‍ക്കും,

ഒത്ത നടുവില്‍
ഉമ്മ പൊരിക്കുന്ന
നടു വരഞ്ഞ അയിലയെ ഓര്‍മിപ്പിക്കുന്ന
തോണിയും തോണിക്കാരനും,

കരയുടെ ഏതെങ്കിലും മൂലയില്‍ നിന്ന്
ഒരു തെങ്ങ്
വളഞ്ഞ് ചെന്ന്
ആകാശത്തെ തൊടും,

മഞ്ഞ വൈക്കോല്‍ മേഞ്ഞ
കൂരക്ക് പിറകില്‍
ഒരാലോ മാവോ
തത്തമ്മപ്പച്ചയാകും,....

കര നിറയെ
പച്ച നിറച്ച്
ബെയ്‌ബ്
അടുത്ത ചിത്രം വരക്കാന്‍‌ തുടങ്ങും.

------

ബെയ്‌ബിപ്പോള്‍
സുഹൈബാണ്,

കടലാസിനും
കല്ലുസ്ലേറ്റിനും പകരം
അവനിപ്പോള്‍‌ ചിത്രം വരക്കുന്നത്
കമ്പ്യൂട്ടറിലാണ്


അവന്‍ വരച്ച
പുതിയ പ്രകൃതി
ഇന്നെലെയാണ് കണ്ടത്


കുന്നുകള്‍‌ക്ക് പകരം
രണ്ട് കൂറ്റന്‍ കെട്ടിടങ്ങള്‍
ആകാശത്തേയും
സൂര്യനേയും മറച്ചു നില്‍‌ക്കുന്നു,


കിളികള്‍‌ക്ക് കൊടുത്തിരുന്ന
പുക കറുത്ത ആകാശത്ത്
ഒരു ചുവപ്പന്‍ വിമാനം
ഞെളിഞ്ഞ് പറക്കുന്നു,


പുഴ ഒഴുകിയിരുന്നിടത്ത്
ആകൃതി കൃത്യമല്ലാത്ത
തണുത്ത നീല നിറത്തില്‍
സ്വിമ്മിങ്ങ് പൂള്‍

കാല് മുഴുവന്‍ കാണിച്ചുകൊണ്ട്
ഒരു മദാമ്മ
പൂളില്‍‌ നിന്ന്
എവിടേക്കോ കേറിപോകുന്നു,

തെങ്ങുകള്‍‌ ആകാ‍ശത്തെ
വളഞ്ഞ് നോക്കിയിരുന്നിടത്ത്
മഞ്ഞവെളിച്ചവുമായി
ഇലക്ട്രിക് പോസ്റ്റുകള്‍,...


അവനിപ്പോള്‍
പച്ച നിറം
ആവശ്യം വരാറേയില്ല,

അവനത്
ഇഷ്ടവുമല്ല!!!

ഹിരാകിരി*

ഹിരാകിരിക്ക്‌
നീയെന്റെ
ആദ്യത്തെ അധ്യാപികയായത്‌*
യാദൃശ്ചികതയായിരിക്കില്ല

വരികളില്‍
നീയന്നേ ഒളിപ്പിച്ചിരുന്നിരിക്കണം
ചിരിയോടെ തന്നെ
ഒരു കോമാളിയെ

വാക്കുകളില്‍
ജീവിതം നിറച്ചവരുടെ ശൂന്യതയെ
നികത്താനേയാവുന്നില്ല
വാക്കുകള്‍ക്ക്‌ പോലും !


കുറിപ്പികള്‍.
1. ഒറ്റപ്പാലം കോളേജില്‍ എന്റെ സീനിയറും കവയത്രിയുമായിരുന്ന ഷംന ആത്മഹത്യ ചെയ്തു. സാഹിത്യത്തില്‍, പ്രത്യേകിച്ചും കവിതയില്‍ പ്രേത്യക അഭിനിവേശമുണ്ടായിരുന്നു ഷംനക്ക്. ഞങ്ങളുടെയൊക്കെ, പ്രത്യേകിച്ചും ആഗലേയ സാഹിത്യ വിദ്യാര്‍ഥികളുടെ അടുത്ത സുഹൃത്തായിരുന്നു ഷംന.

2. ‘ഹിരാകിരി‘ എന്ന ആത്മഹത്യാ രീതിയെകുറിച്ച് ഞാനാദ്യമറിഞ്ഞത് കോളേജ് മാഗസിനില്‍ പ്രസിദ്ദീകരിച്ച ഷംനയുടെ കവിതയില്‍ നിന്നാണ്.

ഇപ്പോള്‍

നിന്നെ വായിക്കുന്നു,

ചിരിക്കുമ്പോള്‍
കണ്ണിനെ ഒളിപ്പിക്കുന്ന
സംസാരിക്കുമ്പോള്‍‌ ‍
ചിലങ്ക പോലെ ഒച്ചപ്പെടുന്ന
ചുണ്ടമര്‍‌ത്തി ചുമ്പിക്കുമ്പോള്‍‌
‍കറന്റ് പോലെ തരിപ്പിക്കുന്ന
നിന്നെ വായിക്കുന്നു,

ഉടലിന് നീന്റെ ചൂര്
നഗ്നമാവുമ്പോള്‍‌
നിനക്ക് മാത്രം വരുന്ന
ഇളം നീല നിറം
പിന്‍ കഴുത്തിന് താഴെ
വരണ്ട ദ്വീപു പോലെ
വലിയ മറുക്

നിന്നെ വായിക്കുന്നു
നിന്റെ ഉടലിലെന്ന പോലെ
ഓരോ വാക്കുകളിലും
അമര്‍‌ത്തി ഉമ്മവെക്കുന്നു
പുക്കിളില്‍ വിരല്‍ കുടുക്കി
ഇക്കിളിപ്പെടുത്തുന്നു
തുടയിലെ
കറുത്ത പുള്ളി നുള്ളുന്നു

നിന്നെ വായിക്കുന്നു,
നിന്നില്‍ എന്നെ നിറക്കുന്നു
നിന്റെ ചൂടില്‍
ഞാനാകെ പൊള്ളുന്നു
കത്തുന്നു...

മണത്ത് നോക്കുക
ഇപ്പോള്‍
എന്റെ വിയര്‍പ്പിന്
നിന്റെ ഉടലിന്റെ മണമാണ്!

മൂന്ന് ദൈവദോഷങ്ങള്‍

1.
ദൈവത്തോട് വഴക്കിട്ട്
ആകാശത്ത് നിന്ന്
ഭൂമിയിലേക്കിറങ്ങി പോന്ന
നക്ഷത്രങ്ങളാവണം
ഈ പൂക്കളൊക്കെ

പൂക്കള്‍‌ക്കെന്നല്ല
ദൈവത്തോടടുത്തു നില്‍‌ക്കുന്ന ആരും
അധികകാലം സഹിച്ചെന്ന് വരില്ല
നിശ്ചലമായ ആ അനന്തതയെ!

2.
എന്റെ ദൈവത്തിന്
എന്നേക്കാള്‍‌ പ്രായം കുറവാണ്
എന്റെ നിഴലെന്ന പോലെ
അതെന്നെ അനുസരിക്കുന്നു,

കുറച്ചുകൂടി കഴിയട്ടെ
ഒരിക്കല്‍ ദൈവത്തിനും
തിരിച്ചൊരവസരം കൊടുക്കണം
എന്നെ അനുസരിപ്പിക്കാന്‍!

3.
എല്ലാവരും ദൈവത്തെ വിളിച്ചു
ഞാനും വിളിച്ചു
മറ്റാരേയും വിളിക്കാനില്ലാത്തതിനാല്‍‌
ചിലപ്പോഴൊക്കെ ദൈവം
വിളി കേള്‍‌ക്കുന്നുണ്ടാവണം

എന്നാലും
എല്ലാ ദൈവങ്ങള്‍‌ക്കും വേണം
സങ്കടങ്ങള്‍‌ക്ക് വിളിക്കാന്‍
മുകളിലൊരു ദൈവം

ദൈവമേ...

കൂറ

കുട്ടിക്കാലത്തേ
കൂറകളെ പേടിയായിരുന്നെനിക്ക്;

മഴക്കാലങ്ങളില്‍
കുളിമുറിയുടെ ചുമരിലെ
കൂറകളെ പേടിച്ച്
കുളിക്കാറേയില്ലായിരിന്നു
ഞാന്‍;

നെല്ലൊഴിഞ്ഞ
പത്തായത്തില്‍ നിന്ന്
കൂറകളെപ്പിടിച്ച്
മേലേക്കെറിഞ്ഞ്
എപ്പൊഴുമെന്നെ പേടിപ്പിക്കുമായിരുന്നു
അനിയന്‍;

ഞാന്‍
ശാസ്‌ത്രത്തിന് പകരം
ഇഗ്ലീഷ് സാഹിത്യം പഠിച്ചത്‌ പോലും
കൂറയെ പേടിച്ചാണെന്ന്‌
കണ്ടുപിടിച്ചു കളഞ്ഞു
കാമുകി;

ഇപ്പോഴും‌
വയസ്സന്‍‌ അലമാരയിലെ
ഉപയോഗിക്കാത്ത തുണികള്‍‌ക്കിടയില്‍‌ നിന്നോ
വീണ്ടും വായിക്കാനെടുക്കുന്ന
പുസ്തങ്ങള്‍‌ക്കിടയില്‍‌ നിന്നോ
ചാടിവീണ്
എന്നെ പേടിപ്പിക്കുന്നു
കൂറകള്‍‌!.

ആരാണ്
എല്ലാം മായ്‌ക്കുന്ന
മഷിത്തണ്ടാണ്‌
കാലമെന്ന്
ആയു‌സ്സിന്റെ നുണപറയുന്നത്?

വിപ്ലവം.

എന്നിട്ട്,
എല്ലാവരേയും പോലെ
ഞാനും
നിന്റെ കയ്യില്‍ തൊടും,

വിറയലോടെ
മാറോട് ചേര്‍ത്ത്
നെറ്റിയിലുമ്മ വെക്കും,

അലസമായി
മുന്നില്ലേക്ക് തൂങ്ങിയ
മുടിത്തലപ്പുകളെ മുഴുവന്‍‌
തടവിയൊതുക്കും,

എന്തിനിത്ര നാണമെന്ന്
ഒന്നുമറിയാത്ത മട്ടില്‍
പരിഭവിക്കും,

നിന്റെ മെയ്യിന്റെ ചൂടില്‍
ഞാനാകെ വിയര്‍‌ക്കും,

‘യ്യോ,
സമയമെത്രയായി,
നീ ചോറെടുത്ത് വെക്ക്,
എനിക്ക് വിശക്കുന്നു’.

വായനക്കാരീ....

തെറ്റായി എഴുതപ്പെട്ടതിനാലോ
ശരിയായിരുന്നിട്ടും
ഘടനയുടെ വക്രതയാല്‍‌
അവ്യക്തമാക്കപ്പെട്ടതിനാലോ
നിരന്തരം തെറ്റിവായിക്കപ്പെട്ട
കവിതയാണ് ഞാന്‍‌,

എന്നെതന്നെ ആവര്‍‌ത്തിച്ചു വായിച്ച്
എന്റെ തെറ്റുകളെ തന്നെ
പിന്നെയും പിന്നെയും തിരുത്തി
നിനക്കും മടുക്കുന്നുണ്ടാവും,

ആകയാല്‍
പ്രിയ വായനക്കാരീ,

നിന്നുതിരിയാന്‍‌ സമയമുള്ള
ഏതെങ്കിലുമൊരു വൈകുന്നേരത്ത്
അടുക്കളയിലോ
എച്ചില്‍‌മാത്രം ബാക്കിയാവുന്ന
തീന്‍‌മേശപ്പുറത്തോ വെച്ച്
ഒരിക്കല്‍‌കൂടി തിരുത്തി നോക്കാതെ
എന്നെയങ്ങ് വെട്ടിക്കളഞ്ഞേക്കുക,

പക്ഷേ,
വെണ്ണീറും സോപ്പും പുളിക്കുന്ന
ഇടത്തേ കൈകൊണ്ട് മാത്രം
നീയെന്നെ വെട്ടിക്കളയുക;

എന്തെന്നാല്‍,
ആരുംകാണാതെ ചത്ത് പോകുന്ന
എന്റെ മുഴുവന്‍‌ വാക്കുകള്‍‌ക്കും
ഏറ്റവും കടപ്പാടുണ്ടാവുക
നനവു മാറിയിട്ടേയില്ലാത്ത
നിന്റെയാ കയ്യിനോട് തന്നെയാവും!

അഗ്നിബാധ....

''തീ പിടിക്കുന്ന പോലെ തീ പിടിപ്പിക്കാന്‍‌ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍‌ന്നാലും തീ പിന്നെയും പടര്‍‌ന്ന് കൊണ്ടിരിക്കും. ഈ പറയുന്ന ചിന്തയുടെ അഗ്നിബാധയില്‍‌ ആത്മനാശത്തിന്റെ ഒരംശമുണ്ട്. അതിന്റെ അര്‍‌ഥം നിങ്ങള്‍‌ മറ്റുള്ളവരില്‍‌ പടരുന്നുവെന്നോ സ്വയം ഇല്ലാതായിത്തീര്‍‌‍‌ന്നിട്ട് മറ്റുള്ളവരില്‍‌ ജീവിക്കുന്നുവെന്നോ ആണ്'' (വിജയന്‍‌ മാഷ്)

ആദരാഞ്ജലികള്‍.....

ഇടവഴി

ഒരേ കാലുകളെ
ഒരുപാട് കാലം സഹിച്ച്
മടുത്തു മടുത്ത്
പെട്ടെന്നൊരു ദിവസം
പെരുമഴയോടൊപ്പം
ഇറങ്ങിയൊലിച്ച് പോയതാവണം
പാവം ഇടവഴി;

അല്ലാതെ,
ആരോ പറഞ്ഞ പോലെ
ഇരുട്ട് കാട്ടി പ്രലോഭിപ്പിച്ച്
ഒരു പാവം കുട്ടിയെ
ഒലിപ്പിച്ച് കൊണ്ടു‌പോകാനൊന്നുമാവില്ല
ഒരിക്കലുമതിന്.

അല്ലെങ്കില്‍ തന്നെ
സ്വയം പൊട്ടിത്തെറിക്കാതെ
ചവിട്ടുകളുടെ ആവര്‍‌ത്തനത്തെ
എത്രകാലം സഹിക്കും
വെറുമൊരിടവഴി?...

പെയ്യുന്നത്.......

നിലവിളികളുടെ ഒരാകാശം
മഴയെന്ന വ്യാജേനെ
മണ്ണിലേക്ക് പൊട്ടിവീണു,

കണ്ണീരു കേട്ട്
കാതു തഴമ്പിച്ച ഭൂമി
ഒന്നിലേക്കും തുറക്കാതെ
അടഞ്ഞിരുന്നു,

ആര്‍‌ക്കും വേണ്ടാതായപ്പോള്‍‌
‍ പെയ്തതിനെ മുഴുവന്
പുഴ കുടിച്ചു,

പുഴയില്‍ നിന്ന്
കളഞ്ഞു കിട്ടിയതിനെ ചൊല്ലി
കടല്‍ ‍കരയോട്
തിരതല്ലി ത൪ക്കിച്ചു,

എല്ലാം കണ്ടിട്ടും
ഒന്നുമറിയാത്തവനെ
സൂര്യന്‍‌
മഞ്ഞപ്പല്ല് കാട്ടി ചിരിച്ചു....