ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘




ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഉരുളുന്നത്

5.45AM, കട്ടില്‍.
പിന്‍‌ കഴുത്തില്‍
വെയിലും വിയര്‍‌പ്പും കറുപ്പിച്ചിടത്ത്
നിന്റെ ചുണ്ടിന്റെ നനവ്

ഏത് സ്വപ്നത്തില്‍‌ നിന്നാണെങ്കിലും
ഇത്ര മൃദുലമായി
നീയുണര്‍‌ത്തുമ്പോള്‍
കോപിക്കുന്നതെങ്ങിനെ?


6.10AM, മുറ്റം.
വെയിലിനേക്കാള്‍ മുന്നേ ജനിച്ചത്
ഞാനായിരിക്കണം,
എന്റെ നിഴലിന്
വെയിലിനേക്കാള്‍ നീളം, കറുപ്പ്.

8.30AM, നിരത്ത്.
പ്രണയം
ഏറു കൊണ്ടോടുന്ന പൂച്ച,
എത്ര തവണ തിരിഞ്ഞു നോക്കണമതിന്
നിഷേധങ്ങളോട്‌ പോലും.

5.15PM, നിരത്ത്.
കുഴിയാ‍നകളേ,
നിങ്ങളുടെ അടുത്ത ജന്മം
ഞങ്ങള്‍‌ക്ക് തരണേ,
മുന്നോട്ടു തന്നെ ഓടിയോടി
കാലുകള്‍‌ക്കും
ബോറടിക്കുന്നുണ്ടാവും,
അനുസരിക്കുന്നില്ല
പഴയത് പോലെ.

6.30PM മണ്‍പാത.
പുഴയേക്കാള്‍
മടിയോടൊഴുകാറുള്ള കാറ്റേ,
ഉണര്‍ന്നില്ലേ ഇതുവരെ,
കാണുന്നില്ല.

8.40PM ഊണ്‍ മേശ.
എത്ര തിന്നാലും നിറയില്ല
കുറ്റബോധത്തിന്റെ
പെരും പള്ള,
പിന്നെയും പിന്നെയും
നീയെന്തിനിങ്ങനെ,
ഞാനെന്തിനിങ്ങനെ!

10.20PM, ഉറക്കം
ഉണരാന്‍ വേണ്ടി മാത്രമുള്ള
സര്‍‌ക്കസ്സാണെങ്കില്‍
എന്തിനെന്നാവും,
അവസാനിച്ചാലും അവസാനിക്കാത്ത
ആവര്‍‌ത്തനങ്ങളേ,
കാത്തോളണേ....

ശങ്ക

കവിത എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്
കാക്ക തൂറിയത്

കവിത കീറി
കാഷ്‌ഠം തുടക്കണോ
അതോ
കാക്കയെ എറിയണോ?

ഒരുളുപ്പുമില്ലാത്ത സംശയങ്ങള്‍

മടിയന്മാര്‍
ചുമന്നു കൊണ്ടുപോയിരിക്കാവുന്ന
മലകളുടെ എണ്ണത്തെക്കുറിച്ച്
ഓര്‍ക്കുകയായിരുന്നു,

മലകളെ കുറിച്ച് ഓര്‍‌ക്കുമ്പോഴൊക്കെ
അച്ചുമാമന്‍
രാഷ്ട്രീയമായും നിയമപരമായും
എന്ന് പറഞ്ഞതിനേക്കാള്‍ സ്വാഭാവികമായി
മുലകളെ ഓര്‍മ്മ വരും

ഞാനാകെ നേരിട്ട് കണ്ടിട്ടുള്ളത്
നിന്റെ മുലകള്‍‌ മാത്രമാണ്
ശരിയാണ്
ആഗ്രമില്ലാഞ്ഞിട്ടല്ലായിരുന്നു
കാണിച്ചുതരേണ്ടവര്‍‌ക്ക്
ആഗ്രഹമില്ലാഞ്ഞിട്ടാവും
അല്ലെങ്കില്‍
ആഗ്രഹിക്കുന്നുണ്ടെന്ന്
അവര്‍ക്ക് അറിയാഞ്ഞിട്ടുമാവാം,

മുലകളെ ഓര്‍ക്കുമ്പോഴാണ്
മുലകള്‍ക്കിടയില്‍
നീയൊളിപ്പിച്ച് വെക്കാറുള്ള
മാല ഓര്‍മ്മവന്നത്
പുറത്ത് വരുമ്പോഴൊക്കെ
ഒരു കൊച്ചുകുട്ടിയുടെ വാശിയോടെ
നീയതിനെ
മുലകള്‍ക്കിടയില്‍ തന്നെ
തിരിച്ച് വെക്കുന്നു,

മാലയെ ഓര്‍ക്കുമ്പോഴാണ്
വല്ലപ്പോഴും മാത്രം
നീയതൂരുമ്പോള്‍ വെക്കാറുള്ള
അലമാരയുടെ
മൂലയെക്കുറിച്ചോര്‍‌ത്തത്
ആ മൂലയില്‍‌
നീയൊട്ടിച്ച് വെച്ച പടത്തിലാണ്
നമ്മളൊരുമിച്ച്
ആദ്യമായി ചിരിച്ചത്,

മല, മുല
മാല, മൂല
ഒരുളുപ്പുമില്ലാതെ
വാ‍ക്കുകളെയിങ്ങനെ
വഴിതെറ്റിച്ച് വിടുന്നതുകൊണ്ട് കൂടിയാണോ
നീയുമെന്നെ
കവീ എന്ന് കളിയാക്കുന്നത്?

അവ്യക്തമാണ് വെടിയൊച്ചകള്‍

അപ്പുറത്തും
ഇപ്പുറത്തുമായി പോയവര്‍‌ക്കിടയിലെ
മഞ്ഞുപോലെ മരവിച്ച് പോയ
ഭീതികള്‍ക്കാവുമോ
നമ്മള്‍
അതിര്‍ത്തികളെന്ന് വിളിക്കുന്നത്?

ആരും ചിരിക്കാത്ത ആകാശങ്ങളേ
എല്ലാത്തിനും മുമ്പേ തന്നെ
എന്നേകൂടി കൊടുക്കുക
ചുവപ്പ് മതിവരാത്ത
നിന്റെ ദൈവങ്ങള്‍‌ക്ക്!

ഒരു വിശദീകരണം

എന്റെ നോട്ടത്തില്‍

എന്തോ‍ പിശകുണ്ടെന്നാണ്

ഈയിടെയായി ഞാന്‍ നോക്കുന്ന

എല്ലാ പെണ്ണുങ്ങളും പറയുന്നത്


ഞാന്‍‌ കണ്ണട വെച്ചത് പോലും

അതുകൊണ്ടാണോയെന്ന്

ചിലപ്പോഴൊക്കെ എനിക്കും

തോന്നുകവരെ ചെയ്യുന്നു


പക്ഷേ പെണ്ണുങ്ങളേ,

മീശ വെക്കുകയും

മുണ്ട് മടക്കിയെടുക്കുകയും

മുഖത്തടിച്ച്

ഉത്തമ ഭാര്യയാക്കുകയും

ചെയ്യുന്നത് പോലെ


നോട്ടത്തിലെ ഈ പിശകും

ഞങ്ങള്‍ ആണുങ്ങളുടെ

വര്‍ഗ ലക്ഷണമാണെന്ന്

നിങ്ങള്‍‌ക്കും

അറിയാവുന്നതാണല്ലോ


എന്നാല്‍

എത്ര ശ്രമിച്ചിട്ടും മീശ വരാത്തതിനാലും

എപ്പോഴും അഴിഞ്ഞ് പോവുന്നതിനാല്‍‌

മുണ്ടെടുക്കാനാവത്തതിനാലും

അവിവാഹിതനാ‍യത് കൊണ്ട്

മുഖത്തടിച്ച് ഉത്തമയാക്കാന്‍

ഒരു ഭാര്യപോലുമില്ലാത്തതിനാലും


ആണായിരിക്കാ‍ന്‍

മലയാളിയായ എനിക്ക്

ആകെയുള്ളത്

നോട്ടത്തിലെ ഈ പിശക് മാത്രമാണ്


ആകെയാല്‍

നിങ്ങള്‍ സ്ത്രീ ജനങ്ങള്‍

എന്റെ നോട്ടത്തിലെ

ഈ വെറുമൊരു പിശകിനെ

അനാവശ്യമായി നിര്‍വചിച്ച്

കാ‍ടുകയറ്റരുതേയെന്ന്

ഇതിനാന്‍ അപേക്ഷിച്ച് കൊള്ളുന്നു.

കാപ്പിക്കറുപ്പ്*

നിന്റെ മുലക്കണ്ണിന്റെ

കാപ്പിക്കറുപ്പു പോലെ

ഒരു സ്വപ്നം


പകലിന്റെ

വെയില്‍ തളര്‍ച്ചകളിലേക്ക്

സൂത്രത്തില്‍

ഒരേറ്

ഞാനെത്ര കണ്ടതാണ് പക്ഷേ


ഞെട്ടിയുണര്‍ന്ന്

ആസ്വദിച്ച് തല ചൊറിഞ്ഞ്

തിരിഞ്ഞു കിടന്ന്

കൂര്‍ക്കം വലിച്ച്

ഒരുറക്കം വച്ചുകൊടുത്തു


അല്ല പിന്നെ!

--------------------------

*ശ്രീമതിയുടെ നിഘണ്ടുവില്‍ നിന്ന്

കഥ

ആകാശം നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന

നനഞ്ഞൊട്ടിയ ഒരു രാത്രിയിലാണ്‌

ഉപ്പയിൽ നിന്ന്

ഞാൻ ഉമ്മയിലേക്ക്‌ വീണത്‌

.

ഭീകരമായ ശർദ്ദിലിന്റെ

തുടർച്ചയായ ആറാഴ്ചകൾക്ക്‌ ശേഷം

മെല്ലെ മെല്ലെ

ഉമ്മയെ ഞാൻ നിലത്ത്‌ നിർത്തിതുടങ്ങി

.

പിന്നെ പിന്നെ

സമയം കിട്ടുമ്പോഴൊക്കെ

വെണ്ണീറിന്റെ പുളിയുള്ള കൈകൊണ്ട്‌

ഉമ്മയെന്നെ

തഴുകാൻ തുടങ്ങി

.

ചിലപ്പോഴൊക്കെ

ഉപ്പയും ഉമ്മയുടെ

നീളൻ ജാക്കറ്റിനുള്ളിലൂടെ കയ്യിട്ട്‌

എന്നെ തഴുകിക്കൊണ്ടിരുന്നു

.

ഉമ്മയുടെ വയറ്റിലെ

ഉപ്പ സങ്കൽപ്പിച്ചുണ്ടാക്കിയ മുഴകൾ

ഞാനുണ്ടാക്കിയതാണെന്ന്

ഉപ്പ എല്ലാവരോടും പറഞ്ഞുനടന്നത്‌

ആ കാലത്താണ്‌

.

ബോറടിക്കുമ്പോഴൊക്കെ

ഞാൻ കരണം മറിയുകയും

തലകുത്തി നിൽക്കുകയും

ചിലപ്പോഴൊക്കെ

ഒരു സർക്കസ്‌ അഭ്യാസിയെപ്പോലെ

ഒറ്റക്കാലിൽ തിരിയുകയും ചെയ്തു

.

തിരിഞ്ഞുകിടക്കുന്നത്‌

എനിക്കിഷ്ടമല്ലായിരുന്നു

കൈ തലക്കടിയിൽ വെച്ച്‌

ഉമ്മ ചരിഞ്ഞുകിടക്കുമ്പോഴൊക്കെ

ശക്തമായി തൊഴിച്ചോ അടിച്ചോ

ഞാനുമ്മയെ മലർത്തിക്കിടത്തി

.

എന്റെ കാലും കയ്യും

എന്നെ കൂടുതൽ അനുസരിക്കാൻ തുടങ്ങിയതോടെ

നിരന്തരമായി

ഞാനുമ്മയെ അക്രമിച്ചുകൊണ്ടിരുന്നു

.

ഒടുവിൽ

മഴതുടങ്ങുന്നകാലത്ത്‌

കൂട്ടത്തോടെ മാത്രം വരാറുള്ള

മേലേതൊടിയിലെ പട്ടികൾ

നിർത്താതെ കൂവികൊണ്ടിരുന്ന ഒരു രാത്രിയിൽ

ഉമ്മയെന്നെ

ലീലാമ്മയുടെ കയ്യിലേക്കിട്ടു

.

അന്നുമുതലാണ്‌

ഞാനെന്നും പറയാറുള്ളതുപോലെ

ഞാനാരുടേതുമല്ലാതായിത്തീർന്നത്‌

.

എന്നിട്ടും കരയാൻ കൂട്ടാകാതിരുന്ന എന്നെ

കരയിക്കാൻ വേണ്ടി മാത്രം

ഉപ്പ നുള്ളിയ പാണ്ടാണ്‌

നീയിന്നലക്കണ്ട

ഇടത്തേ തുടയിലെ കറുത്ത പാട്‌.

കത്തിൽ നിന്ന്

ചുമരിനോട്
ചേർ‌ത്ത് നിർ‌ത്തി
കൈകളൊതുക്കി പിടിച്ച്
കണ്ണടക്കാനയക്കാതെ
നീയെന്റെ ചുണ്ടുകളെടുക്കുന്നു
എല്ലായുറക്കത്തിലും

നിന്നെ
ഫ്രഞ്ച് കിസ്സിങ്ങ് പഠിപ്പിച്ച
ഫിലിപ്പീനി പെണ്ണിന്
എന്റെ വക
ഒരുമ്മ കൊടുക്കുക.

```````````````````````````````````
നനവിന്റെ മണത്തെ
മറന്നിട്ടുണ്ടാവുമോ
മഴയും!
നീയും മഴയും
ഒരേ അർത്ഥം വരുന്ന
രണ്ട് വാക്കുകളാണ്,
കാത്തിരിപ്പിന്റെ വേനലുകളോട്
നിങ്ങൾ‌ക്കെപ്പോഴും
പരിഹാസമാണ്.
```````````````````````````````
എന്ത് പറയുന്നു
നിന്റെ വേനലുകൾ, വെയിലുകൾ
നിന്റെ ചൂടിലല്ലാതെ
എനിക്കൊരിക്കലും
വിയർ‌ക്കാനേ കഴിയില്ലെന്ന്
വാശിപിടിക്കുന്നുണ്ടോ ഇപ്പോഴും,
വെയിലിനോട്.

What we deserve

"Democracy is a device that insures we shall be governed no better than we deserve."

George Bernard Shaw