മൂന്ന് നുണക്കവിതകള്‍

ജാമ്യം

സമയത്തിനോട്‌
നിഴലുകള്‍ക്കെന്നെ പോലെ
വാക്കുകളോട്‌
പേനകള്‍ക്ക്‌ പോലും കാണും
മുന്‍വിധികള്‍,

അല്ലെങ്കിലെന്തിനാണ്‌
എങ്ങിനെ എഴുതിയാലും
എന്റെ കവിതകളൊക്കെയും
എന്നെക്കുറിച്ചു തന്നെയുള്ള
നുണകളാവുന്നത്‌?

സത്യം

എല്ലാ നുണകളും
സത്യത്തേയും സ്വര്‍ഗത്തേയും കുറിച്ചാണെന്നാണ്‌
പുസ്തകങ്ങളിലെ ദൈവങ്ങള്‍ പറഞ്ഞത്,

അങ്ങിനെയെങ്കില്‍‌
‍സത്യമാവാന്‍ വിസമ്മതിച്ച
നുണകള്‍ക്ക്‌ വേണ്ടിയാണോ
നരകമുണ്ടായതെന്ന്
ആരും ചോദിച്ചില്ല,
ഞാനും!

ദൂരം

ദൂരം
പകലിനൊപ്പം ചുവക്കുന്ന
മുള്ളുള്ള നുണയാണ്‌,
ചില്ലിലൂടെ വന്ന് കണ്ണില്‍ കുത്തും,

എന്നാലോ
ഒരുറക്കത്തിന്റെ മാത്രം സുതാര്യതയില്‍
നിന്നിലേക്കെന്നെയും
എന്നിലേക്ക്‌ നിന്നെയും
എത്ര വേഗത്തിലാണത്‌
തന്ന് പോവുന്നത്‌.

10 comments:

അത്തിക്കുര്‍ശി said...

അബ്ദൂ,

നല്ല വരികള്‍, നിരീക്ഷണങ്ങള്‍

വല്യമ്മായി said...

വായിച്ചു.ദൂരത്തിലെ അവസാനവരികള്‍ ഇഷ്ടമായി.

Pramod.KM said...

ദൂരം കൂടുതല്‍ ഇഷ്ടമായി;)

ഗുപ്തന്‍ said...

ജാമ്യവും ദൂരവും ഇഷ്ടമായി...

ദൂരങ്ങള്‍ കടക്കുന്ന സ്വപ്നവേഗം... അതാണ് സത്യം.. അത് മാത്രം...

അനംഗാരി said...

കണ്ടെത്തലുകള്‍ നന്നായി.
അഭിനന്ദനങ്ങള്‍.

വിഷ്ണു പ്രസാദ് said...

എന്റെ കവിതകളൊക്കെയും
എന്നെക്കുറിച്ചു തന്നെയുള്ള
നുണകളാവുന്നത്‌...നിശ്ചയമായും നേരാണെങ്കില്‍ ആ നേരിനെ നുണയാക്കണം.

എല്ലാവരും പറഞ്ഞതു പോലെ ദൂരം കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്നു...ആത്മസ്പര്‍ശം തന്നെ കാരണം...

അഭയാര്‍ത്ഥി said...

നുണപറയുക അതിനെ സത്യമാക്കുക.
നരകത്തിലെ ഈ മെട്രോരയില്‍പദ്ധതിയിലാണ്‌ ഞാനിപ്പോള്‍.
സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും യഥാഭീഷ്ടം സംചരിക്കുക
എന്നതത്രെ ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഉപഭോകതാവിനുണ്ടാകുന്ന പ്രയോജനം

എംകിലും കൂട്ടുകാര നിങ്ങളുടെ നുണ പറയാനുള്ള ശേഷിയില്‍ സംശയമുണ്ട്‌. നുണപറയുമെന്ന്‌ നിങ്ങള്‍ സ്വയം പറയുന്നു.
അതൊരു നുണയായിരുന്നെങ്കില്‍....

സ്വര്‍ഗത്തില്‍ നിന്നുകൊണ്ട്‌ ഞാന്‍ പറയട്ടെ- നല്ലകവിതകള്‍

കെ.പി said...

നന്നായി...നുണയല്ല കേട്ടോ, വായിച്ചത് മുന്‍വിധികള്‍ ഇല്ലാതെയും.

ടി.പി.വിനോദ് said...

“‍സത്യമാവാന്‍ വിസമ്മതിച്ച
നുണകള്‍ക്ക്‌ വേണ്ടിയാണോ
നരകമുണ്ടായതെന്ന് ...”

കവിതയില്‍ ഇതില്‍ കൂടുതല്‍ കവിത അധികം കിട്ടാറില്ല...:)

അഭിനന്ദനങ്ങള്‍...

Anonymous said...

അല്ലെങ്കിലെന്തിനാണ്‌
എങ്ങിനെ എഴുതിയാലും
എന്റെ കവിതകളൊക്കെയും
എന്നെക്കുറിച്ചു തന്നെയുള്ള
നുണകളാവുന്നത്‌?


ഈ സത്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നുവെന്നു നുണപറയുന്നതെങ്ങനെ..?

നന്നായിരിക്കുന്നു
പ്രത്യേകിച്ചു ദൂരം