കാരണം.

ഉറങ്ങുമ്പോഴാണ്
പുഴ വന്ന് വിളിച്ചത്
“ആത്മഹത്യ ചെയ്യാന്‍ പോകുന്നു,
കാമുകനായതിനാല്‍
കൂടെ മരിക്കേണ്ടത്
നിന്റെ ബാധ്യതയാ‍ണ്”

ഞാന്‍ പറഞ്ഞു
“എത്രകാലമായി നീ കടലില്‍ ചാടുന്നു,
നിന്റെ മരണത്തിന് നീളം കൂടുതലാണ്”
ഞാന്‍ തിരിഞ്ഞുകിടന്നുറങ്ങി,
ആകാശത്തെയുമ്മ വെക്കുന്ന
കെട്ടിടങ്ങളെ സ്വപനം കണ്ടു

രാവിലെ എഴുന്നേറ്റപ്പോഴുണ്ട്
പുഴ മരിച്ചു കിടക്കുന്നു,
വെറും മണലിലിരുന്നു
കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു

പുഴയുടെ ചിതാഭസ്മം
ഏത് പുഴയിലൊഴുക്കു മെന്നൊന്നുമല്ല
ഞാനപ്പോള്‍ ആലോചിച്ചത്,
കാമുകി മരിച്ചാല്‍ കാമുകനും
കാമുകന്‍ മരിച്ചാല്‍ കാമുകിയും
മരിക്കണമെന്നാണല്ലോ നിയമം

റേഷന്‍ ബുക്കിലോ
പഴയ പ്രേമലേഖനത്തിലോ
മരണക്കുറിപ്പെഴുതി
പുഴയില്‍ തന്നെ ചാടി
ആത്മഹത്യ ചെയ്യണം

കുറിപ്പെഴുതി വന്നപ്പോഴാണ്
ചാടാനിനി പുഴയില്ലെന്നോര്‍‌ത്തത്,
ആത്മഹത്യ ചെയ്തോ
കൊലചെയ്യപ്പെട്ടോ
പുഴകളൊക്കെ അവസാനിച്ചിരുന്നു

''എന്റെ കാമുകീ
ചാടാനൊരു പുഴയില്ലാത്തതിനാല്‍‌
ഞാനെന്റെ ത്യാഗത്തെ
തല്‍‌ക്കാ‍ലത്തേക്ക് മറ്റിവെക്കുന്നു,
നീയെന്നോട് പെറുക്കുക''.

4 comments:

ചില നേരത്ത്.. said...

ഇരുകര നിറഞ്ഞ് കവിഞ്ഞൊഴുകുന്ന നിളയുടെ കാഴ്ച ഒരിക്കല്‍ കണ്ടൊരാള്‍ക്കും മറക്കാനാകില്ല ആ കാഴ്ച.
കുറ്റിക്കാട് കൊടുങ്കാടായ വേദന, നിള അതിന്റെ കാമുകര്‍ക്ക് തീരാസങ്കടം പകരുന്നുവെപ്പോഴും.
പരിസ്ഥിതിയുടെ ചൂഷണത്തിനെതിരെ കവിയിനിയെങ്ങിനെ പ്രകോപിപ്പിക്കണം, അതിന്റെ കാമുകരെ ഉണര്‍ത്താന്‍?

Pramod.KM said...

“എത്രകാലമായി നീ കടലില്‍ ചാടുന്നു“.
എന്നിട്ടും മരിക്കുന്നില്ല കവിത.നന്നായി;)

മുല്ലപ്പൂ said...

മരിക്കുന്ന പുഴകളെപറ്റി
മനോഹരമായി എഴുതുന്നു,

കെ.പി റഷീദ് said...

ഈ പുഴയെ എനിക്കറിയാമല്ലോ