കവിതയാക്കുന്നത്

ഭൂപടങ്ങള്‍
ഇപ്പോഴും
നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു,

വികസിച്ചും
വിഘടിച്ചും
വിപ്ലവപ്പെട്ടും
ചിത്രത്തിലും
ചരിത്രത്തിലും എത്തപ്പെട്ടവരില്‍
അപ്പോഴും
ഞങ്ങളാരും പെട്ടില്ല,

കണക്കുകളോ
കടലാസുകളിലെ സഹതാപങ്ങളോ
ഞങ്ങളുടെ നഷ്ടങ്ങളെ
ഒറ്റത്തവണ പോലും
ഞങ്ങള്‍ക്ക്‌ തിരിച്ചുതന്നില്ല,

നഷ്ടപ്പെട്ടുവെന്ന്
ഉറക്കെ ഒച്ചക്കാന്‍
ഞങ്ങള്‍‌ കരുതി വെച്ചിരുന്ന
ഞങ്ങളുടെ വാക്കുകള്‍‌ കൂടി
ഇപ്പോള്‍
ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു;


എന്നിട്ടും
ഞാന്‍
എന്റേതല്ലാതാവുകയും
എന്റെ വീട്‌
എന്നെ പുറത്താക്കുകയും
എന്റ രാജ്യം
ഭൂപടങ്ങളില്‍ മാത്രം
ബാക്കിയാവുകയും ചെയ്യുമെന്ന്
എത്ര ലാഘവത്തോടെ
നിങ്ങള്‍ കവിതയാക്കുന്നു!

മൂന്ന് നുണക്കവിതകള്‍

ജാമ്യം

സമയത്തിനോട്‌
നിഴലുകള്‍ക്കെന്നെ പോലെ
വാക്കുകളോട്‌
പേനകള്‍ക്ക്‌ പോലും കാണും
മുന്‍വിധികള്‍,

അല്ലെങ്കിലെന്തിനാണ്‌
എങ്ങിനെ എഴുതിയാലും
എന്റെ കവിതകളൊക്കെയും
എന്നെക്കുറിച്ചു തന്നെയുള്ള
നുണകളാവുന്നത്‌?

സത്യം

എല്ലാ നുണകളും
സത്യത്തേയും സ്വര്‍ഗത്തേയും കുറിച്ചാണെന്നാണ്‌
പുസ്തകങ്ങളിലെ ദൈവങ്ങള്‍ പറഞ്ഞത്,

അങ്ങിനെയെങ്കില്‍‌
‍സത്യമാവാന്‍ വിസമ്മതിച്ച
നുണകള്‍ക്ക്‌ വേണ്ടിയാണോ
നരകമുണ്ടായതെന്ന്
ആരും ചോദിച്ചില്ല,
ഞാനും!

ദൂരം

ദൂരം
പകലിനൊപ്പം ചുവക്കുന്ന
മുള്ളുള്ള നുണയാണ്‌,
ചില്ലിലൂടെ വന്ന് കണ്ണില്‍ കുത്തും,

എന്നാലോ
ഒരുറക്കത്തിന്റെ മാത്രം സുതാര്യതയില്‍
നിന്നിലേക്കെന്നെയും
എന്നിലേക്ക്‌ നിന്നെയും
എത്ര വേഗത്തിലാണത്‌
തന്ന് പോവുന്നത്‌.

ജലദോഷം വരുന്നത്

ആശുപത്രിയില്‍ ജനിച്ചത് കൊണ്ടാവണം
എനിക്കെപ്പോഴും
മരുന്നുകളുടെ മണമാണെന്നാണ്
സഹമുറിയന്‍ പറയുന്നത്,

ഉമ്മവെച്ച്
ഒന്നും മിണ്ടാതെ പോയ പെണ്ണ്
കാരണസഹിതം എഴുതി
"നിന്നെ കര്‍പ്പൂരം മണക്കുന്നു
എനിക്ക് പേടിയാകുന്നു",

കവിതയെന്ന് കേട്ടപാടെ
കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച
ഫ്രഞ്ചുകാരി മദാമ്മയും പറഞ്ഞു
"നിനക്ക്
നനഞ്ഞ മണ്ണിന്റെ മണമാണ്"

പലരുംപലതെന്ന് പറഞ്ഞ്
സഹികെട്ടാണൊടുവില്‍‌
‍ഞാനുംഎന്നെ മണത്ത് തുടങ്ങിയത്

അങ്ങനെയാണ്
എനിക്കീ
വിട്ടുമാറാത്ത ജലദോഷം തുടങ്ങിയത്

കാരണം.

ഉറങ്ങുമ്പോഴാണ്
പുഴ വന്ന് വിളിച്ചത്
“ആത്മഹത്യ ചെയ്യാന്‍ പോകുന്നു,
കാമുകനായതിനാല്‍
കൂടെ മരിക്കേണ്ടത്
നിന്റെ ബാധ്യതയാ‍ണ്”

ഞാന്‍ പറഞ്ഞു
“എത്രകാലമായി നീ കടലില്‍ ചാടുന്നു,
നിന്റെ മരണത്തിന് നീളം കൂടുതലാണ്”
ഞാന്‍ തിരിഞ്ഞുകിടന്നുറങ്ങി,
ആകാശത്തെയുമ്മ വെക്കുന്ന
കെട്ടിടങ്ങളെ സ്വപനം കണ്ടു

രാവിലെ എഴുന്നേറ്റപ്പോഴുണ്ട്
പുഴ മരിച്ചു കിടക്കുന്നു,
വെറും മണലിലിരുന്നു
കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു

പുഴയുടെ ചിതാഭസ്മം
ഏത് പുഴയിലൊഴുക്കു മെന്നൊന്നുമല്ല
ഞാനപ്പോള്‍ ആലോചിച്ചത്,
കാമുകി മരിച്ചാല്‍ കാമുകനും
കാമുകന്‍ മരിച്ചാല്‍ കാമുകിയും
മരിക്കണമെന്നാണല്ലോ നിയമം

റേഷന്‍ ബുക്കിലോ
പഴയ പ്രേമലേഖനത്തിലോ
മരണക്കുറിപ്പെഴുതി
പുഴയില്‍ തന്നെ ചാടി
ആത്മഹത്യ ചെയ്യണം

കുറിപ്പെഴുതി വന്നപ്പോഴാണ്
ചാടാനിനി പുഴയില്ലെന്നോര്‍‌ത്തത്,
ആത്മഹത്യ ചെയ്തോ
കൊലചെയ്യപ്പെട്ടോ
പുഴകളൊക്കെ അവസാനിച്ചിരുന്നു

''എന്റെ കാമുകീ
ചാടാനൊരു പുഴയില്ലാത്തതിനാല്‍‌
ഞാനെന്റെ ത്യാഗത്തെ
തല്‍‌ക്കാ‍ലത്തേക്ക് മറ്റിവെക്കുന്നു,
നീയെന്നോട് പെറുക്കുക''.

വാക്ക് കൊണ്ട് വരക്കാനാവാത്തത്

പ്രണയമേ,
ഞാനും രക്ഷസാക്ഷി
എനിക്കും പണിയുക
മാര്‍ബിള്‍ കല്ലറ.

പ്രണയമേ,
..................
see more in booloka kavitha

ഉമ്മാക്കഥകള്‍..

1.
ബദ്‌രീങ്ങളും
മമ്പുറത്തെ തങ്ങളും
‘റബ്ബുല്‍ ആലമീനും’
ഒറ്റച്ചരടിലാക്കി
കയ്യില്‍ കെട്ടിയാണ്
എന്നെയുമ്മ വിട്ടത്,
എന്നിട്ടും ....

2.
ഉമ്മയെ
ഉമ്മവെച്ചുമ്മവെച്ചാണ്
എന്റെ ചുണ്ടും മൂക്കും
അമര്‍ന്ന് പോയതെന്ന് സുഹൃത്ത്,
അവനിപ്പോള്‍ തൊപ്പിയിട്ട് നടക്കുന്നു.

3.
നാല്‍പ്പത് വര്‍ഷം
പച്ചമഞ്ഞളിട്ടിട്ടും മാഞ്ഞില്ല
ഉമ്മയുടെ മുഖത്തെ പാത്രക്കരി,
ആണുങ്ങളെന്തേ ഉമ്മമാരാകാത്തതെന്ന്
അനിയന് സംശയം.

4.
ഏഴാം പേറിന്
ആശുപത്രിയില്‍ ചെന്നപ്പോള്‍
അയലത്തെ കദീജുമ്മ പറഞ്ഞു
‘ശരളേടെ കയ്യോണ്ടല്ലേ
ഇനിക്കിനിയും പെറണം’

‌‌‌‌

എഴുതാനാവാത്ത പേജുകള്‍

ഒന്നും എഴുതാതെ കിടക്കുന്ന
ചില പേജുകളുണ്ട്
എന്റെ ഡയറിയില്‍

ഇലമുളച്ചിയോ
മയില്‍‌പീലി തുണ്ടോ
പെറാന്‍ വെച്ചിട്ടില്ല
ഞാനവയില്‍

പേന പിണങ്ങി
കുത്തി വരച്ചപ്പഴോ
മഴ കൊണ്ട്
കരിമ്പനടിച്ചപ്പഴോ
വീണിട്ടില്ലവയില്‍
ഒരു വരപോലും

ഇതുമാത്രമെന്തേ
ശൂന്യമെന്ന്
സുഹൃത്ത് ചോദിക്കുന്നു

അവനറിയാത്ത പോലെ
ചില പേജുകളില്‍
ഒന്നും എഴുതാനാവില്ലെന്ന്

മരം പെയ്യാന്‍

പെയ്തിട്ടുണ്ടാകുമോ
എന്നെങ്കിലുമൊരു മഴ
തോരാന്‍ വേണ്ടിയല്ലാതെ?

ചാറിത്തുടങ്ങി
മണ്ണിനെയുമ്മവെച്ച്
മഴമണം കൊടുക്കുമ്പോഴേ
പറഞ്ഞിട്ടുണ്ടാവുമോ
ഏതെങ്കിലുമൊരു തുള്ളി
നാളെയുമുണ്ടാവില്ലെന്ന്

കുടയിലെ കൂട്ടാവാന്‍
ഇറവെള്ളത്തിലെ തോണിയാവാന്‍
കുളത്തിലെ തവളപ്പാട്ടാവാന്‍
ഒരൂത്താലായ് പോലും
ഇനിയൊരിക്കലും പെയ്യില്ലെന്ന്
തോരും മുമ്പേ
സൂചിപ്പിച്ചിട്ടുണ്ടാകുമോ
ഏതെങ്കിമൊലൊരു മഴ.

മരിച്ചവരുടെ ഓര്‍മ്മപുസ്തകം

മരിച്ചവരുടെ ഓര്‍മ്മപുസ്തകത്തിലേക്ക്
ഞാനിന്നലെ എത്തിനൊക്കി
അവരറിയാതെ,

നക്ഷത്രങ്ങളും
ഓറഞ്ച്മരങ്ങളും
അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന്
എന്നെ നോക്കി ചിരിച്ചു,

അവയെപോലെ ചിരിക്കാന്‍ വേണ്ടി
ഞാന്‍ കണ്ണാടിയെടുത്തു,

അങ്ങനെയാണ്
ജീവിതത്തിലാദ്യമായി
ഞാനിന്നലെ
കണ്ണാടിയോട് പിണങ്ങിയത്.

മറുക്

എന്റെ മുഖത്തെ മറുക്
ജനന സമയത്ത്
ചെകുത്താന്‍ തൊണ്ടിയതാണെന്നാണ്
ഉമ്മ പറയുന്നത്,

ശരിയായിരിക്കണം;
പിറക്കാന്‍ പൊകുന്നവന്റെ ഗതികേടിനൊട്
ചെകുത്താന്‍
വിരല്‍‌വെച്ച് സഹതപിച്ചതാവണം
എന്റെ മുഖത്തെ മറുക്.