മരം പെയ്യാന്‍

പെയ്തിട്ടുണ്ടാകുമോ
എന്നെങ്കിലുമൊരു മഴ
തോരാന്‍ വേണ്ടിയല്ലാതെ?

ചാറിത്തുടങ്ങി
മണ്ണിനെയുമ്മവെച്ച്
മഴമണം കൊടുക്കുമ്പോഴേ
പറഞ്ഞിട്ടുണ്ടാവുമോ
ഏതെങ്കിലുമൊരു തുള്ളി
നാളെയുമുണ്ടാവില്ലെന്ന്

കുടയിലെ കൂട്ടാവാന്‍
ഇറവെള്ളത്തിലെ തോണിയാവാന്‍
കുളത്തിലെ തവളപ്പാട്ടാവാന്‍
ഒരൂത്താലായ് പോലും
ഇനിയൊരിക്കലും പെയ്യില്ലെന്ന്
തോരും മുമ്പേ
സൂചിപ്പിച്ചിട്ടുണ്ടാകുമോ
ഏതെങ്കിമൊലൊരു മഴ.