ബെയ്‌ബ്

ബെയ്‌ബെപ്പോഴും
പ്രകൃതിയെ വരച്ചുകൊണ്ടിരിക്കും

രണ്ട് കുന്നുകള്‍‌ക്കിടയിലൂടെ
കടും മഞ്ഞ നിറത്തിലോ
ചുവപ്പിലോ
സൂര്യന്‍‌ ചിരിച്ച് കൊണ്ട് നി‌ല്‍‌ക്കും,

ആകാശം
സുന്ദരന്‍ നീല നിറത്തില്‍‌
നിരനിരയായി
കിളികളെ പറത്തിക്കൊണ്ടിരിക്കും,

കുന്നുകള്‍‌ക്കു താഴെ
എവിടേക്ക് ഒഴുകണമെന്നറിയാത്ത പുഴ
ആകാശത്തിന്റെ നിഴലില്‍
നീലനിറഞ്ഞ് നില്‍ക്കും,

ഒത്ത നടുവില്‍
ഉമ്മ പൊരിക്കുന്ന
നടു വരഞ്ഞ അയിലയെ ഓര്‍മിപ്പിക്കുന്ന
തോണിയും തോണിക്കാരനും,

കരയുടെ ഏതെങ്കിലും മൂലയില്‍ നിന്ന്
ഒരു തെങ്ങ്
വളഞ്ഞ് ചെന്ന്
ആകാശത്തെ തൊടും,

മഞ്ഞ വൈക്കോല്‍ മേഞ്ഞ
കൂരക്ക് പിറകില്‍
ഒരാലോ മാവോ
തത്തമ്മപ്പച്ചയാകും,....

കര നിറയെ
പച്ച നിറച്ച്
ബെയ്‌ബ്
അടുത്ത ചിത്രം വരക്കാന്‍‌ തുടങ്ങും.

------

ബെയ്‌ബിപ്പോള്‍
സുഹൈബാണ്,

കടലാസിനും
കല്ലുസ്ലേറ്റിനും പകരം
അവനിപ്പോള്‍‌ ചിത്രം വരക്കുന്നത്
കമ്പ്യൂട്ടറിലാണ്


അവന്‍ വരച്ച
പുതിയ പ്രകൃതി
ഇന്നെലെയാണ് കണ്ടത്


കുന്നുകള്‍‌ക്ക് പകരം
രണ്ട് കൂറ്റന്‍ കെട്ടിടങ്ങള്‍
ആകാശത്തേയും
സൂര്യനേയും മറച്ചു നില്‍‌ക്കുന്നു,


കിളികള്‍‌ക്ക് കൊടുത്തിരുന്ന
പുക കറുത്ത ആകാശത്ത്
ഒരു ചുവപ്പന്‍ വിമാനം
ഞെളിഞ്ഞ് പറക്കുന്നു,


പുഴ ഒഴുകിയിരുന്നിടത്ത്
ആകൃതി കൃത്യമല്ലാത്ത
തണുത്ത നീല നിറത്തില്‍
സ്വിമ്മിങ്ങ് പൂള്‍

കാല് മുഴുവന്‍ കാണിച്ചുകൊണ്ട്
ഒരു മദാമ്മ
പൂളില്‍‌ നിന്ന്
എവിടേക്കോ കേറിപോകുന്നു,

തെങ്ങുകള്‍‌ ആകാ‍ശത്തെ
വളഞ്ഞ് നോക്കിയിരുന്നിടത്ത്
മഞ്ഞവെളിച്ചവുമായി
ഇലക്ട്രിക് പോസ്റ്റുകള്‍,...


അവനിപ്പോള്‍
പച്ച നിറം
ആവശ്യം വരാറേയില്ല,

അവനത്
ഇഷ്ടവുമല്ല!!!