ജലദോഷം വരുന്നത്

ആശുപത്രിയില്‍ ജനിച്ചത് കൊണ്ടാവണം
എനിക്കെപ്പോഴും
മരുന്നുകളുടെ മണമാണെന്നാണ്
സഹമുറിയന്‍ പറയുന്നത്,

ഉമ്മവെച്ച്
ഒന്നും മിണ്ടാതെ പോയ പെണ്ണ്
കാരണസഹിതം എഴുതി
"നിന്നെ കര്‍പ്പൂരം മണക്കുന്നു
എനിക്ക് പേടിയാകുന്നു",

കവിതയെന്ന് കേട്ടപാടെ
കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച
ഫ്രഞ്ചുകാരി മദാമ്മയും പറഞ്ഞു
"നിനക്ക്
നനഞ്ഞ മണ്ണിന്റെ മണമാണ്"

പലരുംപലതെന്ന് പറഞ്ഞ്
സഹികെട്ടാണൊടുവില്‍‌
‍ഞാനുംഎന്നെ മണത്ത് തുടങ്ങിയത്

അങ്ങനെയാണ്
എനിക്കീ
വിട്ടുമാറാത്ത ജലദോഷം തുടങ്ങിയത്