കഥ

ആകാശം നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന

നനഞ്ഞൊട്ടിയ ഒരു രാത്രിയിലാണ്‌

ഉപ്പയിൽ നിന്ന്

ഞാൻ ഉമ്മയിലേക്ക്‌ വീണത്‌

.

ഭീകരമായ ശർദ്ദിലിന്റെ

തുടർച്ചയായ ആറാഴ്ചകൾക്ക്‌ ശേഷം

മെല്ലെ മെല്ലെ

ഉമ്മയെ ഞാൻ നിലത്ത്‌ നിർത്തിതുടങ്ങി

.

പിന്നെ പിന്നെ

സമയം കിട്ടുമ്പോഴൊക്കെ

വെണ്ണീറിന്റെ പുളിയുള്ള കൈകൊണ്ട്‌

ഉമ്മയെന്നെ

തഴുകാൻ തുടങ്ങി

.

ചിലപ്പോഴൊക്കെ

ഉപ്പയും ഉമ്മയുടെ

നീളൻ ജാക്കറ്റിനുള്ളിലൂടെ കയ്യിട്ട്‌

എന്നെ തഴുകിക്കൊണ്ടിരുന്നു

.

ഉമ്മയുടെ വയറ്റിലെ

ഉപ്പ സങ്കൽപ്പിച്ചുണ്ടാക്കിയ മുഴകൾ

ഞാനുണ്ടാക്കിയതാണെന്ന്

ഉപ്പ എല്ലാവരോടും പറഞ്ഞുനടന്നത്‌

ആ കാലത്താണ്‌

.

ബോറടിക്കുമ്പോഴൊക്കെ

ഞാൻ കരണം മറിയുകയും

തലകുത്തി നിൽക്കുകയും

ചിലപ്പോഴൊക്കെ

ഒരു സർക്കസ്‌ അഭ്യാസിയെപ്പോലെ

ഒറ്റക്കാലിൽ തിരിയുകയും ചെയ്തു

.

തിരിഞ്ഞുകിടക്കുന്നത്‌

എനിക്കിഷ്ടമല്ലായിരുന്നു

കൈ തലക്കടിയിൽ വെച്ച്‌

ഉമ്മ ചരിഞ്ഞുകിടക്കുമ്പോഴൊക്കെ

ശക്തമായി തൊഴിച്ചോ അടിച്ചോ

ഞാനുമ്മയെ മലർത്തിക്കിടത്തി

.

എന്റെ കാലും കയ്യും

എന്നെ കൂടുതൽ അനുസരിക്കാൻ തുടങ്ങിയതോടെ

നിരന്തരമായി

ഞാനുമ്മയെ അക്രമിച്ചുകൊണ്ടിരുന്നു

.

ഒടുവിൽ

മഴതുടങ്ങുന്നകാലത്ത്‌

കൂട്ടത്തോടെ മാത്രം വരാറുള്ള

മേലേതൊടിയിലെ പട്ടികൾ

നിർത്താതെ കൂവികൊണ്ടിരുന്ന ഒരു രാത്രിയിൽ

ഉമ്മയെന്നെ

ലീലാമ്മയുടെ കയ്യിലേക്കിട്ടു

.

അന്നുമുതലാണ്‌

ഞാനെന്നും പറയാറുള്ളതുപോലെ

ഞാനാരുടേതുമല്ലാതായിത്തീർന്നത്‌

.

എന്നിട്ടും കരയാൻ കൂട്ടാകാതിരുന്ന എന്നെ

കരയിക്കാൻ വേണ്ടി മാത്രം

ഉപ്പ നുള്ളിയ പാണ്ടാണ്‌

നീയിന്നലക്കണ്ട

ഇടത്തേ തുടയിലെ കറുത്ത പാട്‌.