കവിതയാക്കുന്നത്

ഭൂപടങ്ങള്‍
ഇപ്പോഴും
നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു,

വികസിച്ചും
വിഘടിച്ചും
വിപ്ലവപ്പെട്ടും
ചിത്രത്തിലും
ചരിത്രത്തിലും എത്തപ്പെട്ടവരില്‍
അപ്പോഴും
ഞങ്ങളാരും പെട്ടില്ല,

കണക്കുകളോ
കടലാസുകളിലെ സഹതാപങ്ങളോ
ഞങ്ങളുടെ നഷ്ടങ്ങളെ
ഒറ്റത്തവണ പോലും
ഞങ്ങള്‍ക്ക്‌ തിരിച്ചുതന്നില്ല,

നഷ്ടപ്പെട്ടുവെന്ന്
ഉറക്കെ ഒച്ചക്കാന്‍
ഞങ്ങള്‍‌ കരുതി വെച്ചിരുന്ന
ഞങ്ങളുടെ വാക്കുകള്‍‌ കൂടി
ഇപ്പോള്‍
ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു;


എന്നിട്ടും
ഞാന്‍
എന്റേതല്ലാതാവുകയും
എന്റെ വീട്‌
എന്നെ പുറത്താക്കുകയും
എന്റ രാജ്യം
ഭൂപടങ്ങളില്‍ മാത്രം
ബാക്കിയാവുകയും ചെയ്യുമെന്ന്
എത്ര ലാഘവത്തോടെ
നിങ്ങള്‍ കവിതയാക്കുന്നു!