കൂറ

കുട്ടിക്കാലത്തേ
കൂറകളെ പേടിയായിരുന്നെനിക്ക്;

മഴക്കാലങ്ങളില്‍
കുളിമുറിയുടെ ചുമരിലെ
കൂറകളെ പേടിച്ച്
കുളിക്കാറേയില്ലായിരിന്നു
ഞാന്‍;

നെല്ലൊഴിഞ്ഞ
പത്തായത്തില്‍ നിന്ന്
കൂറകളെപ്പിടിച്ച്
മേലേക്കെറിഞ്ഞ്
എപ്പൊഴുമെന്നെ പേടിപ്പിക്കുമായിരുന്നു
അനിയന്‍;

ഞാന്‍
ശാസ്‌ത്രത്തിന് പകരം
ഇഗ്ലീഷ് സാഹിത്യം പഠിച്ചത്‌ പോലും
കൂറയെ പേടിച്ചാണെന്ന്‌
കണ്ടുപിടിച്ചു കളഞ്ഞു
കാമുകി;

ഇപ്പോഴും‌
വയസ്സന്‍‌ അലമാരയിലെ
ഉപയോഗിക്കാത്ത തുണികള്‍‌ക്കിടയില്‍‌ നിന്നോ
വീണ്ടും വായിക്കാനെടുക്കുന്ന
പുസ്തങ്ങള്‍‌ക്കിടയില്‍‌ നിന്നോ
ചാടിവീണ്
എന്നെ പേടിപ്പിക്കുന്നു
കൂറകള്‍‌!.

ആരാണ്
എല്ലാം മായ്‌ക്കുന്ന
മഷിത്തണ്ടാണ്‌
കാലമെന്ന്
ആയു‌സ്സിന്റെ നുണപറയുന്നത്?

5 comments:

Pramod.KM said...

കൂറ നന്നായി.
കൂറകളെപ്പറ്റി അടുത്ത കാലത്ത് വായിച്ച ,പി.രാമന്റെയും; ഇരിങ്ങലിന്റെയും കവിതകളുടെ കൂട്ടത്തില്‍ ഇതും..:)

aneeshans said...

ഞാന്‍ ഇപ്പോഴും ഓടും :). നല്ല വരികള്‍ പ്രത്യേകിച്ചും

ആരാണ്
എല്ലാം മായ്‌ക്കുന്ന
മഷിത്തണ്ടാണ്‌
കാലമെന്ന്
ആയു‌സ്സിന്റെ നുണപറയുന്നത്?

Roby said...

കൂറ പേടിപ്പെടുത്തുന്ന ഒരോര്‍മ്മ തന്നെയാണ് എനിക്കും, കാഫ്കയുടെ മെറ്റമോര്‍ഫസിസ് വായിച്ചതില്‍ പിന്നെ...

നല്ല കവിത.

വിശാഖ് ശങ്കര്‍ said...

നിന്നോട് ആരൊക്കെയോ ചില മനോഹരങ്ങളായ നുണകള്‍ പറയുന്നുണ്ട്....

എന്റെ പ്രശ്നം ഒന്നും പ്രയാത്ത ഒരു പരിസരമാണ്.അവിടെനിന്ന് നീ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു.ഓര്‍മ്മയുടെ പരിധിയില്‍ നിര്‍ത്തി ഉരുവിടാ‍ന്‍ ശ്രമിക്കുന്നു..

Sanal Kumar Sasidharan said...

നെല്ലൊഴിഞ്ഞ
പത്തായത്തില്‍ നിന്ന്
കൂറകളെപ്പിടിച്ച്
മേലേക്കെറിഞ്ഞ്
എപ്പൊഴുമെന്നെ പേടിപ്പിക്കുമായിരുന്നു
അനിയന്‍;

കാലത്തെ ശേഖരിച്ചിരിക്കുന്ന പത്തായം നന്നായി