വായനക്കാരീ....

തെറ്റായി എഴുതപ്പെട്ടതിനാലോ
ശരിയായിരുന്നിട്ടും
ഘടനയുടെ വക്രതയാല്‍‌
അവ്യക്തമാക്കപ്പെട്ടതിനാലോ
നിരന്തരം തെറ്റിവായിക്കപ്പെട്ട
കവിതയാണ് ഞാന്‍‌,

എന്നെതന്നെ ആവര്‍‌ത്തിച്ചു വായിച്ച്
എന്റെ തെറ്റുകളെ തന്നെ
പിന്നെയും പിന്നെയും തിരുത്തി
നിനക്കും മടുക്കുന്നുണ്ടാവും,

ആകയാല്‍
പ്രിയ വായനക്കാരീ,

നിന്നുതിരിയാന്‍‌ സമയമുള്ള
ഏതെങ്കിലുമൊരു വൈകുന്നേരത്ത്
അടുക്കളയിലോ
എച്ചില്‍‌മാത്രം ബാക്കിയാവുന്ന
തീന്‍‌മേശപ്പുറത്തോ വെച്ച്
ഒരിക്കല്‍‌കൂടി തിരുത്തി നോക്കാതെ
എന്നെയങ്ങ് വെട്ടിക്കളഞ്ഞേക്കുക,

പക്ഷേ,
വെണ്ണീറും സോപ്പും പുളിക്കുന്ന
ഇടത്തേ കൈകൊണ്ട് മാത്രം
നീയെന്നെ വെട്ടിക്കളയുക;

എന്തെന്നാല്‍,
ആരുംകാണാതെ ചത്ത് പോകുന്ന
എന്റെ മുഴുവന്‍‌ വാക്കുകള്‍‌ക്കും
ഏറ്റവും കടപ്പാടുണ്ടാവുക
നനവു മാറിയിട്ടേയില്ലാത്ത
നിന്റെയാ കയ്യിനോട് തന്നെയാവും!

8 comments:

Inji Pennu said...

ഹൊ!

വിഷ്ണു പ്രസാദ് said...

ഇടം കയ്യത്തിയാണോ...
അതോ ഇടത്തോട്ടാണോ കവിത...(ആണല്ലോ)
ഇടംകയ്യത്തിയായ വായനക്കാരീ എന്നാണ് നല്ല തലേക്കെട്ട്... :)

ഡാലി said...

ആക്വലി വാട്ട് ഹാപ്പന്റ് യു നോ?

വായനക്കാരി പാലു അടുപ്പത്ത് വച്ച്, പാത്രം കഴുകാന്‍ നില്‍ക്കുന്നതിന്റെ ഇടയ്ക്കാണു കവിതവായിക്കാന്‍ ഒരു ഉള്‍വിളി ഉണ്ടായത്. വലത് കൈമാത്രം സാരിതലപ്പില്‍ തുടച്ച് വന്ന് കവിത വായിക്കാനിരുന്നു. കവിത വായിച്ചു കഴിഞ്ഞു ഘടനയുടെ വക്രതയിലൂടെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നതിനിടയിലാണ് അയ്യോ പാലു തിളച്ച് പോയല്ലോ എന്നോര്‍ത്തത്. അപ്പോ ആ വക്രങ്ങളെ ഒന്നും നീവര്‍ത്തി കിട്ടാന്‍ സമയണ്ടായില്ല. അപ്പോഴാണു ഈ തെറ്റിവായന ഉണ്ടാവണെ. അയിന് ആ കവിത വെട്ടിക്കളയാന്‍ പറയാ ചെയ്യാ? അതിനു പകരം കവിത വരാത്താ ഏതെങ്കിലും സമയത്ത് വായനക്കാരിയെ പാലു തിളപ്പിക്കാന്‍ സഹായിച്ചൂടെ? അപ്പോ അവള്‍ക്ക് കവിത നിവര്‍ത്തി വായിക്കാന്‍ സമയം കിട്ടൂലേ.

(ഭാര്യ അടുക്കളപണി ചെയ്യുമ്പോള്‍ കവിത വായിച്ചു കൊടുക്കുന്ന ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞത് പ്രിയംവദയാണ്)

ഇട്ടിമാളു അഗ്നിമിത്ര said...

ഇടം കയ്യിന്റെ അടിക്ക് നല്ല ശക്തിയാണല്ലൊ...

simy nazareth said...

ഇവന്‍ കെട്ടിയോ?

Roby said...

സുഹൃത്തേ,
ഒരുപാട്‌ നാളായി ഇവിടെ വന്നിട്ട്‌...നഷ്‌ടപ്പെട്ടെതെന്തെന്ന്‌ ഇന്ന്‌ മനസ്സിലാക്കുന്നു. എവിടേയോ കൊള്ളുന്ന വരികള്‍...
സരമാഗുവിന്റെ ഡബിള്‍ വായിച്ചിരുന്നോ...ഞാനത്‌ വായിച്ചില്ല. കാഴ്ച വാങ്ങി വെച്ചിട്ടുണ്ട്‌...ബ്ലോഗിലൊരാള്‍ സരമാഗുവിനെ ക്വോട്ട്‌ ചെയ്തു കാണുമ്പോള്‍ വലിയ സന്തോഷം...

ആത്യന്തികമായി വാക്കുകള്‍ മാത്രമാണല്ലോ നമുക്കുള്ളത്‌...

ടി.പി.വിനോദ് said...

എഴുതിവെച്ചിരിക്കുന്ന ‘ആണ്’ എന്ന വാക്കും അതില്‍ നിറയുന്ന ജീവിതവും ഘടനയില്‍ വക്രതയുടെ പരമാവധിയാണ്..നീ പറയുന്നത്രത്തോളം..
നന്നായി..

ദൈവം said...

നമുക്കാകെ ജീവിതം മാത്രമാണുള്ളത്, എഴുതാനും തെറ്റിയോ തെറ്റാതെയോ വായിക്കാനും തിരുത്താനും വെട്ടിക്കളയാനും...