ഒരു വിശദീകരണം

എന്റെ നോട്ടത്തില്‍

എന്തോ‍ പിശകുണ്ടെന്നാണ്

ഈയിടെയായി ഞാന്‍ നോക്കുന്ന

എല്ലാ പെണ്ണുങ്ങളും പറയുന്നത്


ഞാന്‍‌ കണ്ണട വെച്ചത് പോലും

അതുകൊണ്ടാണോയെന്ന്

ചിലപ്പോഴൊക്കെ എനിക്കും

തോന്നുകവരെ ചെയ്യുന്നു


പക്ഷേ പെണ്ണുങ്ങളേ,

മീശ വെക്കുകയും

മുണ്ട് മടക്കിയെടുക്കുകയും

മുഖത്തടിച്ച്

ഉത്തമ ഭാര്യയാക്കുകയും

ചെയ്യുന്നത് പോലെ


നോട്ടത്തിലെ ഈ പിശകും

ഞങ്ങള്‍ ആണുങ്ങളുടെ

വര്‍ഗ ലക്ഷണമാണെന്ന്

നിങ്ങള്‍‌ക്കും

അറിയാവുന്നതാണല്ലോ


എന്നാല്‍

എത്ര ശ്രമിച്ചിട്ടും മീശ വരാത്തതിനാലും

എപ്പോഴും അഴിഞ്ഞ് പോവുന്നതിനാല്‍‌

മുണ്ടെടുക്കാനാവത്തതിനാലും

അവിവാഹിതനാ‍യത് കൊണ്ട്

മുഖത്തടിച്ച് ഉത്തമയാക്കാന്‍

ഒരു ഭാര്യപോലുമില്ലാത്തതിനാലും


ആണായിരിക്കാ‍ന്‍

മലയാളിയായ എനിക്ക്

ആകെയുള്ളത്

നോട്ടത്തിലെ ഈ പിശക് മാത്രമാണ്


ആകെയാല്‍

നിങ്ങള്‍ സ്ത്രീ ജനങ്ങള്‍

എന്റെ നോട്ടത്തിലെ

ഈ വെറുമൊരു പിശകിനെ

അനാവശ്യമായി നിര്‍വചിച്ച്

കാ‍ടുകയറ്റരുതേയെന്ന്

ഇതിനാന്‍ അപേക്ഷിച്ച് കൊള്ളുന്നു.

4 comments:

Areekkodan | അരീക്കോടന്‍ said...

):

ശിവ said...

നൈസ് വിശദീകരണം....

...പകല്‍കിനാവന്‍...daYdreamEr... said...

ഇഷ്ടപ്പെട്ടു ....ഇഷ്ടപ്പെട്ടു
ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...

Mahi said...

നന്നായിട്ടുണ്ട്‌ പക്ഷെ കാപ്പികറുപ്പിന്റെയത്ര പോരാ