ഉരുളുന്നത്

5.45AM, കട്ടില്‍.
പിന്‍‌ കഴുത്തില്‍
വെയിലും വിയര്‍‌പ്പും കറുപ്പിച്ചിടത്ത്
നിന്റെ ചുണ്ടിന്റെ നനവ്

ഏത് സ്വപ്നത്തില്‍‌ നിന്നാണെങ്കിലും
ഇത്ര മൃദുലമായി
നീയുണര്‍‌ത്തുമ്പോള്‍
കോപിക്കുന്നതെങ്ങിനെ?


6.10AM, മുറ്റം.
വെയിലിനേക്കാള്‍ മുന്നേ ജനിച്ചത്
ഞാനായിരിക്കണം,
എന്റെ നിഴലിന്
വെയിലിനേക്കാള്‍ നീളം, കറുപ്പ്.

8.30AM, നിരത്ത്.
പ്രണയം
ഏറു കൊണ്ടോടുന്ന പൂച്ച,
എത്ര തവണ തിരിഞ്ഞു നോക്കണമതിന്
നിഷേധങ്ങളോട്‌ പോലും.

5.15PM, നിരത്ത്.
കുഴിയാ‍നകളേ,
നിങ്ങളുടെ അടുത്ത ജന്മം
ഞങ്ങള്‍‌ക്ക് തരണേ,
മുന്നോട്ടു തന്നെ ഓടിയോടി
കാലുകള്‍‌ക്കും
ബോറടിക്കുന്നുണ്ടാവും,
അനുസരിക്കുന്നില്ല
പഴയത് പോലെ.

6.30PM മണ്‍പാത.
പുഴയേക്കാള്‍
മടിയോടൊഴുകാറുള്ള കാറ്റേ,
ഉണര്‍ന്നില്ലേ ഇതുവരെ,
കാണുന്നില്ല.

8.40PM ഊണ്‍ മേശ.
എത്ര തിന്നാലും നിറയില്ല
കുറ്റബോധത്തിന്റെ
പെരും പള്ള,
പിന്നെയും പിന്നെയും
നീയെന്തിനിങ്ങനെ,
ഞാനെന്തിനിങ്ങനെ!

10.20PM, ഉറക്കം
ഉണരാന്‍ വേണ്ടി മാത്രമുള്ള
സര്‍‌ക്കസ്സാണെങ്കില്‍
എന്തിനെന്നാവും,
അവസാനിച്ചാലും അവസാനിക്കാത്ത
ആവര്‍‌ത്തനങ്ങളേ,
കാത്തോളണേ....

3 comments:

Mahi said...

great abdu great

കരീം മാഷ്‌ said...

മന... മനോഹരം!

ദൈവം said...

മൃദുലമായ ഒരുണര്‍‌ത്ത്