ആകാശം നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന
നനഞ്ഞൊട്ടിയ ഒരു രാത്രിയിലാണ്
ഉപ്പയിൽ നിന്ന്
ഞാൻ ഉമ്മയിലേക്ക് വീണത്
.
ഭീകരമായ ശർദ്ദിലിന്റെ
തുടർച്ചയായ ആറാഴ്ചകൾക്ക് ശേഷം
മെല്ലെ മെല്ലെ
ഉമ്മയെ ഞാൻ നിലത്ത് നിർത്തിതുടങ്ങി
.
പിന്നെ പിന്നെ
സമയം കിട്ടുമ്പോഴൊക്കെ
വെണ്ണീറിന്റെ പുളിയുള്ള കൈകൊണ്ട്
ഉമ്മയെന്നെ
തഴുകാൻ തുടങ്ങി
.
ചിലപ്പോഴൊക്കെ
ഉപ്പയും ഉമ്മയുടെ
നീളൻ ജാക്കറ്റിനുള്ളിലൂടെ കയ്യിട്ട്
എന്നെ തഴുകിക്കൊണ്ടിരുന്നു
.
ഉമ്മയുടെ വയറ്റിലെ
ഉപ്പ സങ്കൽപ്പിച്ചുണ്ടാക്കിയ മുഴകൾ
ഞാനുണ്ടാക്കിയതാണെന്ന്
ഉപ്പ എല്ലാവരോടും പറഞ്ഞുനടന്നത്
ആ കാലത്താണ്
.
ബോറടിക്കുമ്പോഴൊക്കെ
ഞാൻ കരണം മറിയുകയും
തലകുത്തി നിൽക്കുകയും
ചിലപ്പോഴൊക്കെ
ഒരു സർക്കസ് അഭ്യാസിയെപ്പോലെ
ഒറ്റക്കാലിൽ തിരിയുകയും ചെയ്തു
.
തിരിഞ്ഞുകിടക്കുന്നത്
എനിക്കിഷ്ടമല്ലായിരുന്നു
കൈ തലക്കടിയിൽ വെച്ച്
ഉമ്മ ചരിഞ്ഞുകിടക്കുമ്പോഴൊക്കെ
ശക്തമായി തൊഴിച്ചോ അടിച്ചോ
ഞാനുമ്മയെ മലർത്തിക്കിടത്തി
.
എന്റെ കാലും കയ്യും
എന്നെ കൂടുതൽ അനുസരിക്കാൻ തുടങ്ങിയതോടെ
നിരന്തരമായി
ഞാനുമ്മയെ അക്രമിച്ചുകൊണ്ടിരുന്നു
.
ഒടുവിൽ
മഴതുടങ്ങുന്നകാലത്ത്
കൂട്ടത്തോടെ മാത്രം വരാറുള്ള
മേലേതൊടിയിലെ പട്ടികൾ
നിർത്താതെ കൂവികൊണ്ടിരുന്ന ഒരു രാത്രിയിൽ
ഉമ്മയെന്നെ
ലീലാമ്മയുടെ കയ്യിലേക്കിട്ടു
.
അന്നുമുതലാണ്
ഞാനെന്നും പറയാറുള്ളതുപോലെ
ഞാനാരുടേതുമല്ലാതായിത്തീർന്നത്
.
എന്നിട്ടും കരയാൻ കൂട്ടാകാതിരുന്ന എന്നെ
കരയിക്കാൻ വേണ്ടി മാത്രം
ഉപ്പ നുള്ളിയ പാണ്ടാണ്
നീയിന്നലക്കണ്ട
ഇടത്തേ തുടയിലെ കറുത്ത പാട്.
12 comments:
അബ്ദുവേ
ഇങ്ങിനെ ഓരോ മറുകും പുതുപ്പെണ്ണിനു കാണിച്ച്കൊടുക്കുമ്പൊ നീയ്യ് കവിതെയെഴുതി ഞങ്ങളെ ഇങ്ങിനെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടാവണല്ലോടാ...
നന്നായിരിക്കുന്നു.
പത്തുമാസം നീളുന്ന ഒരു പാഠ്യപദ്ധതി!
ഇതാരാ അപ്പാ ഈ അനോണി?
നല്ല പരിചയമുള്ള ശബ്ദം
അബ്ദു ഷോക്കടിപ്പിച്ചു കളഞ്ഞു.ഇങ്ങനെ ഇത്ര തീവ്രമായ് എഴുതാന്‍ കഴിയുന്നു
ലളിതം ഈ വരികള്‍...
എന്തൊരു സൌന്ദര്യാനുഭവം അബ്ദുവേ. ഇഷ്ടപ്പെട്ടു.
മനോഹരം എന്നു പറയാമോ.. മനോഹരമായി നോവിക്കുന്നതിനെ എന്തു പേരു പറയും!
ഇങ്ങനെയാണ് ആരും ആരുടേതുമല്ലാതാകുന്നത് അല്ലേ? മനോഹരം.
ഹൃദ്യം..
സാധാരണ ഒറ്റയടിയാണ് കൊടുക്കാറുള്ളത്.
പക്ഷെ ആരുടേയുമല്ലാതായി എന്നാരു പറഞ്ഞു. ഒറ്റനുള്ളു കൊണ്ട് എല്ലാവരുടേതുമാക്കി കളഞ്ഞില്ലേ
ഈ പാവം തമാശനെ കരയിക്കരുത്...
നന്നായിരിക്കുന്നു, അബ്ദു!
Post a Comment