ഒരുളുപ്പുമില്ലാത്ത സംശയങ്ങള്‍

മടിയന്മാര്‍
ചുമന്നു കൊണ്ടുപോയിരിക്കാവുന്ന
മലകളുടെ എണ്ണത്തെക്കുറിച്ച്
ഓര്‍ക്കുകയായിരുന്നു,

മലകളെ കുറിച്ച് ഓര്‍‌ക്കുമ്പോഴൊക്കെ
അച്ചുമാമന്‍
രാഷ്ട്രീയമായും നിയമപരമായും
എന്ന് പറഞ്ഞതിനേക്കാള്‍ സ്വാഭാവികമായി
മുലകളെ ഓര്‍മ്മ വരും

ഞാനാകെ നേരിട്ട് കണ്ടിട്ടുള്ളത്
നിന്റെ മുലകള്‍‌ മാത്രമാണ്
ശരിയാണ്
ആഗ്രമില്ലാഞ്ഞിട്ടല്ലായിരുന്നു
കാണിച്ചുതരേണ്ടവര്‍‌ക്ക്
ആഗ്രഹമില്ലാഞ്ഞിട്ടാവും
അല്ലെങ്കില്‍
ആഗ്രഹിക്കുന്നുണ്ടെന്ന്
അവര്‍ക്ക് അറിയാഞ്ഞിട്ടുമാവാം,

മുലകളെ ഓര്‍ക്കുമ്പോഴാണ്
മുലകള്‍ക്കിടയില്‍
നീയൊളിപ്പിച്ച് വെക്കാറുള്ള
മാല ഓര്‍മ്മവന്നത്
പുറത്ത് വരുമ്പോഴൊക്കെ
ഒരു കൊച്ചുകുട്ടിയുടെ വാശിയോടെ
നീയതിനെ
മുലകള്‍ക്കിടയില്‍ തന്നെ
തിരിച്ച് വെക്കുന്നു,

മാലയെ ഓര്‍ക്കുമ്പോഴാണ്
വല്ലപ്പോഴും മാത്രം
നീയതൂരുമ്പോള്‍ വെക്കാറുള്ള
അലമാരയുടെ
മൂലയെക്കുറിച്ചോര്‍‌ത്തത്
ആ മൂലയില്‍‌
നീയൊട്ടിച്ച് വെച്ച പടത്തിലാണ്
നമ്മളൊരുമിച്ച്
ആദ്യമായി ചിരിച്ചത്,

മല, മുല
മാല, മൂല
ഒരുളുപ്പുമില്ലാതെ
വാ‍ക്കുകളെയിങ്ങനെ
വഴിതെറ്റിച്ച് വിടുന്നതുകൊണ്ട് കൂടിയാണോ
നീയുമെന്നെ
കവീ എന്ന് കളിയാക്കുന്നത്?

6 comments:

ടി.പി.വിനോദ് said...

ഉളുപ്പില്‍ വിശ്വാസമില്ലാത്ത ഭാഷ തന്നെ കവിത... നന്നായിട്ടുണ്ട്...

Eccentric said...

kidilam :)

Anonymous said...

കവിതയാണോ എന്നറിയില്ല്. പക്ഷേ, പോസ്റ്റ്മോഡേൺ ലക്ഷണങ്ങൾ ധാരാളമുണ്ട്.

Promod P P said...

ചുമക്കുന്ന എന്നല്ലെ അബ്ദു?
ചുവക്കുന്ന എന്നല്ലാലൊ

കവിത നന്നായിട്ടുണ്ട്

ഇയ്യിടെയായി കാണാൻ ഇല്ലാലൊ

Promod P P said...

ചുമന്നു കൊണ്ടു് എന്നാ ഉദ്ദേശിച്ചത്

Abdu said...

തഥാഗതന്‍,

തിരുത്തിയിട്ടുണ്ട്.